എഡിജിപി സന്ധ്യയെ രൂക്ഷമായി വിമര്‍ശിച്ച് സെന്‍കുമാര്‍

Friday 7 July 2017 8:08 pm IST

തിരുവനന്തപുരം: എഡിജിപി സന്ധ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത് പ്രതിച്ഛായാനഷ്ടം മറികടക്കാനാണെന്ന് സെന്‍കുമാര്‍ ആരോപിച്ചു. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ ശ്രീഹരിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യംചെയ്യണമെന്ന് സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ ചോദിച്ചു. ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട് സന്ധ്യയ്‌ക്കെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അവരെ സംരക്ഷിക്കുകയാണുണ്ടായത്. നടിയുടെ കേസില്‍ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ല. ആകെയുണ്ടായത് സന്ധ്യക്ക് ശ്രീഹരികേസിലൊക്കെയുണ്ടായ പ്രതിച്ഛായാ നഷ്ടം പരിഹരിക്കാനുള്ള ഇടപെടലാണ്. നടിയുടെ കേസ് വേണമെങ്കില്‍ ക്രൈംബ്രാഞ്ചിന് വിടാമായിരുന്നു. ഒരു വിവാദ കേസ് എന്ന നിലയില്‍ മുഖ്യമന്ത്രിയോട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടാലോ എന്നുചോദിച്ചപ്പോള്‍ സെന്‍കുമാറിന് എന്താണോ വിശ്വാസം, അതു ചെയ്യാനാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ എഡിജിപി സന്ധ്യയ്ക്കാണല്ലോ മേല്‍നോട്ട ചുമതല. താന്‍ അതു മാറ്റിയാല്‍ താന്‍ ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറയും. അടിസ്ഥാനപരമായി അവരുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്ന് വരുത്തണം. അതുകൊണ്ടുതന്നെ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകുമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. സന്ധ്യമാത്രം അനേ്വഷിക്കേണ്ടതില്ലായെന്ന് ഉത്തരവിട്ട അന്ന് പോലീസ് ആസ്ഥാനത്തുവന്ന സന്ധ്യ തന്നോട് അങ്ങനെയൊരു ഉത്തരവിട്ടത് ഭയങ്കര വിഷമമായെന്നു പറഞ്ഞു. എന്നാല്‍ നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നതെന്ന് താന്‍ തിരിച്ചുചോദിച്ചു. സാര്‍ എന്നോട് ചോദിച്ചോ എന്നതായിരുന്നു അവരുടെ മറുചോദ്യം. അനേ്വഷണ ഉദേ്യാഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു സന്ധ്യയുടെ ചെയ്തികള്‍ എല്ലാം. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇത് വലിയ കേസാണല്ലോ. അതിന്റെ മാധ്യമ ശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് സന്ധ്യയുടെ പ്രവര്‍ത്തിയെ താന്‍ കാണുന്നതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ സന്ധ്യയെ അഭിനന്ദിച്ചുകൊണ്ട് പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ രംഗത്തെത്തി. അനേ്വഷണത്തില്‍ പിശക് ഒന്നുമില്ലെന്നും നല്ല ഏകോപനം ഉണ്ടെന്നും ചൂണ്ടിക്കാട്ടി സന്ധ്യയെ അഭിനന്ദിച്ചുകൊണ്ട് ബഹ്‌റ സന്ധ്യയ്ക്ക് കത്തു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.