ആലപ്പുഴ: കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അമ്പലപ്പുഴ താലൂക്കില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെയോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
സര്‍വ്വീസ് നടത്തിയ ബസുകള്‍ ഒരുവിഭാഗം ജീവനക്കാര്‍ തടയുകയായിരുന്നു. പണിമുടക്കറിയാതെ വിദ്യാലയങ്ങളിലേക്കും ഓഫീസുകളിലേക്കും പോകുന്നതിനുമായി എത്തിയ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ഇരട്ടക്കുളങ്ങര- കലവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആലീഫ് എന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
ശവക്കോട്ടപാലത്തിനു സമീപമായിരുന്നു സംഭവം. പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തിയത്. എന്നാല്‍ പണിമുടക്ക് തങ്ങളോട് ആലോചിക്കാതെയാണ് നടത്തിയതെന്നാണ് ബസ്സുടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: