എന്ന് മാറും ഓടമേട് റോഡിന്റെ ശോചനീയാവസ്ഥ

Friday 7 July 2017 9:04 pm IST

  പീരുമേട്: വണ്ടിപ്പെരിയാര്‍ ഓടമേട് റോഡ് തകര്‍ന്നിട്ട് ഇരുപതിലധികം വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. വാളാഡി മുതല്‍ മേപ്പുരട്ട് വരെയുള്ള മൂന്നര കിലോമീറ്റര്‍ ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും സ്ഥലം എംഎല്‍എയും എംപിയും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല. റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാലാം വാര്‍ഡിലെ 750ലധികം പേരടങ്ങിയ സംഘം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തിയതുമാണ്. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 16 കോടി അനുവദിച്ചു. ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നുള്ള മറുപടിയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് 16 കോടി അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അറിയിച്ച പോസ്റ്ററുകള്‍ വാര്‍ഡില്‍ പതിക്കുകയും ചെയ്തു. എന്നാല്‍ മൂന്നര കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 16 കോടി രൂപ അനുവദിച്ചെന്നത് ജനങ്ങള്‍ വിശ്വാസത്തിലെടുത്തതുമില്ല. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷകളും ഇതുവഴി വരാന്‍ മടിക്കുകയാണ്. ഇത് മൂലം വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്നും കട്ടപ്പനയിലെത്താന്‍ 45 കിലോമീറ്റര്‍ സഞ്ചരിക്കണം. റോഡ് നിര്‍മ്മാണം നടത്തിയാല്‍ വണ്ടിപ്പെരിയാറില്‍ നിന്നും 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കട്ടപ്പനയില്‍ എത്തും. എത്രയും പെട്ടന്ന് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.