പൊന്‍കുന്നത്ത് വാട്ടര്‍ ടാങ്ക് നിറഞ്ഞ് ജലം പാഴാകുന്നു

Friday 7 July 2017 9:33 pm IST

പൊന്‍കുന്നം: പൊന്‍കുന്നത്തും പരിസര പ്രദേശങ്ങളിലുമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ ആശ്രയമായ വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് നിറഞ്ഞ് കവിഞ്ഞൊഴുകുന്നത് നിത്യസംഭവമാകുന്നു. പൊന്‍കുന്നം മാര്‍ക്കറ്റില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച ടാങ്കില്‍ നിന്നാണ് കുടിവെള്ളം നിറഞ്ഞ് കവിഞ്ഞ് പാഴാകുന്നത്. മണിക്കൂറുകളോളം വെള്ളം ഇത്തരത്തില്‍ പാഴാകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി വിളിക്കുമ്പോള്‍ പമ്പ് ചെയ്യുന്നുണ്ടെന്ന മറുപടിമാത്രമാണ് ലഭിക്കുന്നത്. ഇതിന് പുറമേ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവായിരിക്കുകയാണ്. മഴക്കാലം കൂടി ആയതോടെ പൊട്ടിയ പൈപ്പിനുള്ളില്‍ കൂടി മലിനജലം കുടിവെള്ളത്തില്‍ കലരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് ഡെങ്കിപ്പനി,മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് ജലവകുപ്പിന്റെ അനാസ്ഥമൂലം ജനങ്ങള്‍ മലിനജലം കുടിക്കുന്നത്. പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൃത്യമായി കുടിവെള്ളം എത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.