ആരവങ്ങള്‍ക്കായി കാതോര്‍ത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം

Friday 7 July 2017 10:04 pm IST

കോട്ടയം: അക്ഷരനഗരിയിലെ കായിക പ്രേമികളുടെ സ്വപ്‌നമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പന്ത് ഉരുണ്ടില്ല. എപ്പോള്‍ കായിക പ്രേമികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന കാര്യത്തില്‍ കായിക രംഗം ഭരിക്കുന്നവര്‍ക്ക് ഉറപ്പുമില്ല. കായിക പ്രേമികളുടെ ആരവങ്ങള്‍ എപ്പോള്‍ കേള്‍ക്കുമെന്ന് പറയാനാകാത്ത അവസ്ഥയാണ്. 2016 ഫെബ്രുവരിയിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 23.28 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. എഴുനിലകളോടെയുളള രൂപരേഖയാണ് തയ്യാറാക്കിയത്. എന്നാല്‍ ഇത് തയ്യാറാക്കിയതിലെ അപാകത മൂലം പിന്നീട് മാറ്റം വരുത്തി. അനുമതി ലഭിച്ച രൂപരേഖയില്‍ മാറ്റം വരുത്തിയതിനാല്‍ വൈദ്യുതി കണക്ഷനും അഗ്നിശമനസേനയുടെ സുരക്ഷ സര്‍ട്ടിഫിക്കറ്റും കിട്ടിയിട്ടില്ല. സ്റ്റേഡിയം തുറക്കാത്തതിന്റെ കാരണവും ഇതാണ്. സ്റ്റേഡിയത്തിനുള്ളിലെ പടികള്‍ സമാന്തരമായിട്ടാണ് നിര്‍മിച്ചത്. എന്നാല്‍ നിയമപ്രകാരം ലംബമായിട്ട് വേണം പടികള്‍ നിര്‍മിക്കാന്‍. അല്ലെങ്കില്‍ തട്ടി വീണ് മറ്റും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഗുരുതരമായ സുരക്ഷ വീഴ്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. അഗ്നിശമനസേനയുടെ സുരക്ഷാ അംഗീകാരം കിട്ടണമെങ്കില്‍ പടികളുടെ ഘടനയില്‍ മാറ്റം വരുത്തേണ്ട അവസ്ഥയാണ്. സ്റ്റേഡിയത്തിന് മുന്നിലുള്ള ഓട വീതി കൂട്ടി പാര്‍ക്കിംഗ് ഏരിയയാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ രൂപരേഖ മാറ്റിയതോടെ പാര്‍ക്കിംഗ് ഏരിയ മാറി. ഇപ്പോള്‍ നല്ലൊരു മഴ പെയ്താല്‍ ഓട നിറഞ്ഞ താഴെ വെള്ളം കെട്ടി നില്‍ക്കും. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ ചോര്‍ച്ചയുണ്ടെന്ന ആക്ഷേപവുമുണ്ട്.അതേ സമയം ഓണത്തോട് കൂടി സ്‌റ്റേഡിയം തുറന്ന് കൊടുക്കുമെന്ന് അധികൃതര്‍ പറയുന്നു. ബാഡ്മിന്റണ്‍, വോളീബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, ടേബിള്‍ ടെന്നീസ്, ഗുസ്തി, ജൂഡോ കോര്‍ട്ടുകള്‍ ഇവിടെയുണ്ട്. കൂടാതെ ഹെല്‍ത്ത് ക്ലബ്, എയ്‌റോബിക് ഹാള്‍ , കാന്റീന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.