മക്കളെ കൊന്ന് അച്ഛന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു

Saturday 8 July 2017 10:16 pm IST

തിരുവനന്തപുരം: മക്കളെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. കണ്ണമ്മൂല ചെന്നിലോട് സ്‌നേഹ ഭവനില്‍ ഷിബി (36), മകള്‍ ഫെബ (9), മകന്‍ ഫെബിന്‍ (7) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതശരീരങ്ങള്‍ ഇന്നലെ രാവിലെ വേളി നൂറടി പാലത്തിന് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തി. ഷിബിന്റെ മൃതശരീരം ഉച്ചയോടെ കായലില്‍ കണ്ടെത്തുകയായിരുന്നു. കുടംബ പ്രശ്‌നങ്ങളാണ് കാരണം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: എസ്എപിയില്‍ എല്‍ഡി ക്ലര്‍ക്കായ ഹന്നയാണ് ഷിബിന്റെ ഭാര്യ. ഏറെ നാളായി ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു. പെയിന്റിങ് ജോലി ചെയ്തിരുന്ന ഷിബിന്‍ ജോലിക്ക് പോകാതെ ഹന്നയുമായി സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കിടുന്നത് പതിവാണ്. ഭര്‍ത്താവിന്റെ പീഡനത്തിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസിലും, കോടതിയിലും ഹന്ന പരാതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവുമായി ഒരു വീട്ടില്‍ കഴിയുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ ഹന്ന കുട്ടികളുമായി പോലീസ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് താമസം മാറാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനെ ഷിബു എതിര്‍ത്തു. തുടര്‍ന്ന് വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വന്ന കുട്ടികളേയും കൂട്ടി ഷിബി പുറത്തേക്ക് പോയി. ജോലി കഴിഞ്ഞെത്തിയ ഹന്ന കുട്ടികളെ കാണാത്തതോടെ പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ പാളത്തില്‍ വേര്‍പ്പെട്ട കൈ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാളത്തില്‍ കിടന്ന കൈ ഷിബിന്റേതാണ്. ശരീരം ഉച്ചകഴിഞ്ഞാണ് കായലില്‍ ഉയര്‍ന്നത്. ഡിസിപി അരുള്‍ ബി. കൃഷ്ണ സംഭവ സ്ഥലത്തെത്തി. കഴക്കൂട്ടം എസി എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.