തൊഴിലുറപ്പ് കൂലി: കേന്ദ്രം 740 കോടി നല്‍കി

Saturday 8 July 2017 10:11 pm IST

കൊച്ചി: തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തവരുടെ കൂലിക്കുടിശിക നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ 740 കോടി രൂപ കേരളത്തിന് അനുവദിച്ചു. തിങ്കളാഴ്ച മുതല്‍ തൊഴിലാളികളുടെ അക്കൗണ്ടില്‍ ഓണ്‍ലൈനായി പണം എത്തിത്തുടങ്ങും. പദ്ധതി നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്ര നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും തട്ടിപ്പ് കാണിച്ചാല്‍ ഇനി പണം അനുവദിക്കില്ലെന്നും കേന്ദ്രം ഉപാധിവച്ചു. 778 കോടി രൂപയായിരുന്നു കുടിശിക. ബാക്കിയുള്ള 38 കോടി രൂപ ഉടന്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിമൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന 14.5 ലക്ഷം കുടുംബങ്ങള്‍ക്ക് ആറു മാസമായി കൂലി മുടങ്ങിയിരുന്നു. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നും കണക്കുകളിലെ തകരാറുകള്‍ പരിഹരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് പല തവണ ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം അവഗണിച്ചതാണ് കൂലി വൈകാനിടയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും തട്ടിപ്പ് നടത്തുന്നതായി കേന്ദ്രം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ജോലികളുടെ ഫോട്ടോഗ്രാഫുകളും കണക്കിനൊപ്പം ഓണ്‍ലൈനായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടും കേരളം അതിന് തയാറായില്ല. ജോലിയുടെ വിവരങ്ങളും ഫോട്ടോഗ്രാഫുകളും കൃത്യമായി നല്‍കിയാലേ ഇനി പണം അനുവദിക്കൂ. ചെയ്ത ജോലികള്‍, ഓരോ ജോലിക്കും ആവശ്യമായ തൊഴിലാളികളുടെ എണ്ണം, എസ്റ്റിമേറ്റ് തുക, തുടങ്ങിയവ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം. പണികള്‍ നടത്തിയെന്ന് രേഖയുണ്ടാക്കി പണം ദുര്‍വിനിയോഗം ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ആറു മാസമായി കൂലി മുടങ്ങിയതിനെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചിരുന്നു. കൂലി ലഭ്യമായതോടെ, ഇവരെ തിരികെ കൊണ്ടുവരാന്‍ അധികതര്‍ ശ്രമം തുടങ്ങി. സംസ്ഥാനമൊട്ടാകെ 32,01,923 കുടുംബങ്ങളാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.