ശാസ്ത്ര കൗതുകമുണര്‍ത്തി സയന്‍സ് എക്‌സ്പ്രസ് കണ്ണൂരില്‍

Sunday 9 July 2017 4:09 pm IST

കണ്ണൂര്‍: വിവിധ മേഖലകളില്‍ ശാസ്ത്ര വിജ്ഞാനവും അതോടൊപ്പം കൗതുകവും പകര്‍ന്ന് സയന്‍സ് എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രദര്‍ശനം തുടങ്ങി. ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടപ്പെടുത്തിക്കൊണ്ട് ശക്തിപ്രാപിച്ചുവരുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അത് നേരിടാനുള്ള പ്രായോഗിക വഴികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് സയന്‍സ് എക്‌സ്പ്രസിന്റെ ഒന്‍പതാമത്തെ എഡിഷനായ ക്ലൈമറ്റ് ചെയ്ഞ്ച് ആക്ഷന്‍ എത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍, ഇതില്‍ മനുഷ്യരുടെ പങ്ക്, ശാസ്ത്രീയ വശങ്ങള്‍, അനന്തരഫലം, ലഘൂകരിക്കാനുള്ള വഴികള്‍, ഭാവിയിലേക്കുള്ള കര്‍മ പദ്ധതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ട് കോച്ചുകളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഈ കോച്ചുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലെ ചൂട് കൂടല്‍, ക്രമം തെറ്റിയുണ്ടാവുന്ന കാലവര്‍ഷം, സമുദ്രനിരപ്പ് ഉയരല്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതെങ്ങനെയെന്നും പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ജൈവ സാങ്കേതിക വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവ ഒരുക്കിയ കോച്ചുകളില്‍ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പരിസ്ഥിതി-ശാസ്ത്ര-ഗണിത കൗതുകങ്ങള്‍, വിനോദ-വിജ്ഞാന പരിപാടികള്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരീക്ഷണ ശാലകള്‍ തുടങ്ങിയവയാണുള്ളത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പ്രദര്‍ശനം. ഇന്നും നാളെയും പ്രദര്‍ശനം തുടരും. പ്രവേശനം തികച്ചും സൗജന്യമാണ്. 16 ശീതീകരിച്ച തീവണ്ടി കോച്ചുകളിലായി ഒരുക്കിയ പ്രദര്‍ശനമടങ്ങിയ എക്‌സ്പ്രസ് കഴിഞ്ഞ ഫെബ്രുവരി 17 ന് ഡല്‍ഹിയില്‍ നിന്നാണ് പ്രയാണമാരംഭിച്ച യാത്ര സപ്തംബര്‍ 8 ന് ഗാന്ധിനഗറില്‍ സമാപിക്കും. 19000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 68 കേന്ദ്രങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.