കാലിത്തീറ്റക്ക് വിലകൂടുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Sunday 9 July 2017 4:58 pm IST

ആലപ്പുഴ: കാലിത്തീറ്റയ്ക്ക് വില ക്രമാതീതമായി വര്‍ദ്ധിക്കുന്നു, വൈക്കോലും,തീറ്റപ്പുല്ലും കിട്ടാനില്ല ഇതോടെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ 18മാസത്തിനുള്ളില്‍ നാലുതവണയായി ചാക്കിന് 120 രൂപയോളം കാലിത്തീറ്റക്ക് വില വര്‍ദ്ധിച്ചു.അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് കാലിത്തീറ്റിക്ക് വില കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മില്‍മ ഗോമതി റിച്ച് കാലിത്തീറ്റയുടെ 50കിലോ ചാക്കിന് 1025രൂപയായും മില്‍മ ഗോമതിഗോള്‍ഡ് കാലിത്തീറ്റയുടെ50 കിലോ ചാക്കിന് 1155രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. മില്‍മയുടെ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നത് പാലക്കാട്ടെ മലമ്പുഴയിലും ആലപ്പുഴയിലെ പട്ടണക്കാട്ടെ ഫാക്ടറികളിലുമാണ്. എന്നാല്‍സ്വകാര്യ ഫാക്ടറികളിലെ കാലിത്തീറ്റക്ക് മില്‍മ കാലിത്തീറ്റയുടെ അത്രയും വില വര്‍ദ്ധനവില്ലെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. 64 കിലോ തൂക്കമുളള ജേഴ്‌സി ചാക്കിന് 1100രൂപയും, 50കിലോ തൂക്കമുള്ള പൂജ കാലിത്തീറ്റക്ക് 1000 രൂപയുമാണ് വില.കെ.എസ്സ് പെല്ലറ്റിന് 50കിലോ ചാക്കിന് 1000 രുപയും മില്‍മ ഗോമതി റിച്ചിന് കിലോയ്ക്ക് 20.50രൂപയും, ഗോമതി ഗോള്‍ഡിന് 23.10 രൂപയുമാണ് വില. അഞ്ചു ലിറ്റര്‍ പാല്‍ തരുന്ന ഒരു പശുവിന് 103 രൂപയുടെ കാലിത്തീറ്റയും അത്രയുംവിലവരുന്ന തീറ്റപുല്ലോ,വൈക്കോലോ കൊടുക്കണം. റീഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് മില്‍മ പാലിന് വില നിശ്ചയിക്കുന്നത്. കുറഞ്ഞത് 25 മുതല്‍ 35 രൂപവരെയാണ് ഒരുലിറ്റര്‍ പാലിന് വിലയായി ലഭിക്കുകയുള്ളൂവെന്നും കര്‍ഷകര്‍പറയുന്നു. അങ്ങനെ കണക്കു കൂട്ടിയാല്‍ തന്നെ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമെ ബാക്കിയുണ്ടാകൂയെന്നും ഇവര്‍ വ്യക്തമാക്കി. 2016 ജനുവരിയില്‍ 85രൂപയും, ഒക്ടോബറില്‍ 10 രൂപയും 2017ല്‍ ജനുവരിയില്‍ 10 രൂപയുമാണ് മില്‍മ വിലകൂട്ടിയത്. എന്നാല്‍ സ്വകാര്യ കാലിത്തീറ്റ നിര്‍മ്മാതാക്കളാകട്ടെ കാര്യമായ വില വര്‍ദ്ധനവ് വരുത്തിയിട്ടില്ലയെന്നും കര്‍ഷകര്‍ പറയുന്നു. ഗ്രാമ പഞ്ചായത്ത് മുന്‍കൈയെടുത്ത് ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി പാല്‍ ഉല്‍പാദക സംഘങ്ങളുമായി ചേര്‍ന്ന് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുകയോ അതുപോലെ തീറ്റപ്പുല്‍ വളര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ കര്‍ഷകരെ ഒരു പരിധിവരെ സഹായിക്കാന്‍ കഴിയും. മൃഗസംരക്ഷണ വകുപ്പും, മില്‍മയും ചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്താല്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരെ സഹായിക്കാനും കഴിയും. കടുത്ത വേനലായാലും മഴയായാലും വൈക്കോലിനും,തീറ്റപ്പുല്ലിനും ക്ഷാമമാണ്. ക്ഷീരകര്‍ഷകര്‍ പിന്നീട് ആശ്രയിക്കുന്നത് കാലിത്തീറ്റയെ യാണ് ഇതു മുന്നില്‍ കണ്ടാണ് കാലിത്തീറ്റയ്ക്ക് വിലകൂട്ടുന്നതത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.