വിവാദം ഗവര്‍ണറോടുള്ള അസഹിഷ്ണുത

Sunday 9 July 2017 9:58 pm IST

മാഹി: പുതുച്ചേരി നിയമസഭയിലേക്ക് ബിജെപി അംഗങ്ങളെ നോമിനേറ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറോട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ച. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിയമസഭയിലേക്ക് ആകെയുള്ള നിയമസഭാ അംഗങ്ങളുടെ എണ്ണത്തിന്റെ പത്ത് ശതമാനം പേരെ നോമിനേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ 30 എംഎല്‍എമാരുളള നിയമസഭയിലേക്ക് മൂന്നു പേരെയാണ് നോമിനേറ്റ് ചെയ്യുന്നത്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ എംഎല്‍എമാരായി പ്രഖ്യാപിക്കുന്നതാണ് രീതി. കാലങ്ങളായി ഇത്തരത്തില്‍ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുക്കാറുണ്ട്. ഏതാനും ദിവസം മുമ്പ് പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി ബിജെപിയുടെ മൂന്ന് സംസ്ഥാന നേതാക്കളെ എംഎല്‍എ സ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രാലയം മൂന്നുപേരെയും നിയമിച്ചു കൊണ്ട് ഉത്തരവിറക്കുകയും ഗവര്‍ണര്‍ മൂന്നു പേരെയും സത്യപ്രതിജ്ഞ ചെയ്യിച്ച് എംഎല്‍എമാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതുച്ചേരിയില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. 1964ല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പുതുച്ചേരി നിയമസഭയിലേക്ക് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. മുപ്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി. നാരായണസ്വാമി നയിക്കുന്ന മന്ത്രിസഭയ്ക്ക് സഖ്യകക്ഷിയായ ഡിഎംകെയിലെ രണ്ടു പേരുടേതുള്‍പ്പെടെ 17 പേരുടെ പിന്തുണയാണ് നിലവിലുള്ളത്. പ്രതിപക്ഷത്ത് എന്‍ആര്‍ കോണ്‍ഗ്രസിന് എട്ട്, എഐഡിഎംകെക്ക് നാല്, മാഹിയില്‍ നിന്നും വിജയിച്ച ഒരു സ്വതന്ത്ര അംഗം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ എല്ലാ അധികാരവും നോമിനേറ്റഡ് അംഗങ്ങള്‍ക്കുമുണ്ട് എന്നതിനാല്‍ നിലവിലെ കോണ്‍ഗ്രസ് ഭരണത്തിന് തന്നെ ബിജെപി എംഎല്‍എമാരുടെ കടന്നുവരവ് ഭീഷണിയാകുമെന്ന ആശങ്ക കൂടിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍. ഭരണഘടനാ വിരുദ്ധമായി ഗവര്‍ണര്‍ ബിജെപി നേതാക്കളെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള ചില സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി. നടപടിക്കെതിരെ കോ ണ്‍ഗ്രസ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ വിധി പന്ത്രണ്ടിന് പുറത്തുവരാനിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.