നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി: അപേക്ഷ ജൂലൈ 16 വരെ

Sunday 9 July 2017 10:07 pm IST

  സംസ്ഥാനത്തെ ബിഎസ്‌സി നഴ്‌സിംഗ് ഉള്‍പ്പെടെ പത്ത് പാരാമെഡിക്കല്‍ പ്രൊഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് ജൂലൈ 16 വരെ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗികവെബ്‌സൈറ്റായ www.cee. kerala.gov.in- ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷാഫീസ് 600 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 300 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ തിരുവനന്തപുരത്തെ കാര്യാലയത്തില്‍ എത്തിക്കണം. പ്രവേശനചുമതല എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്കാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാവും അഡ്മിഷന്‍. കോഴ്‌സുകള്‍: ബിഎസ്‌സി-നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എംഎല്‍റ്റി), പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്‌ടോമെട്രി, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബിപിറ്റി), ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാതോളജി (ബിഎഎസ്എല്‍പി), കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബിസിവിടി), ബിഎസ്‌സി-മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എംആര്‍റ്റി), മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി എന്നിവയിലാണ് പ്രവേശനം. കോളേജുകളും ലഭ്യമായ സീറ്റുകളും www.cee-kerala.org- എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ആരോഗ്യപരിപാലന/ചികിത്‌സാ മേഖലകളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളാണിത്. ഗവണ്‍മെന്റ് മെരിറ്റ്, മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടുതരം സീറ്റുകളുണ്ട്. എല്ലാ കോഴ്‌സുകളുടെയും പഠന കാലാവധി 4 വര്‍ഷം വീതമാണ്. ഇതില്‍ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് 12 മാസവും ബിപിറ്റി കോഴ്‌സിന് ആറു മാസവും ഇന്റേണ്‍ഷിപ്പുമുണ്ടാവും. പ്രവേശന യോഗ്യത: കേരളീയര്‍ക്കും കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന ഓള്‍ ഇന്ത്യ സര്‍വ്വീസസ് ഓഫീസറുടെ കുട്ടികള്‍ക്കും മറ്റും അപേക്ഷിക്കാവുന്നതാണ്. ബിഎസ്‌സി നഴ്‌സിംഗ്, എംഎല്‍റ്റി, ഓപ്‌ടോമെട്രി കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തുല്യപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു വിജയിച്ചിരിക്കണം. ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി ബിസിവിടി, ബിപിടി കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തുല്യ പരീക്ഷയില്‍ ബയോളജിക്ക്് പ്രത്യേകം 50 % മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം. ബിഎഎസ്എല്‍പി കോഴ്‌സിന് ഹയര്‍ സെക്കന്‍ഡറി/തുല്യപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/സൈക്കോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണമെന്നുണ്ട്. ബിഎസ്‌സി-എംആര്‍റ്റി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തുല്യപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെ ഹയര്‍ സെക്കന്‍ഡറിക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതിനാല്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളപക്ഷം അപേക്ഷിക്കാം. എസ്ഇബിസിക്കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി. പ്രായം 2017 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എന്നാല്‍ സര്‍വ്വീസ് ക്വാട്ടാ വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 46 വയസ്സാണ്. റാങ്ക് ലിസ്റ്റ്: എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ മെരിറ്റ് പരിഗണിച്ച് മൂന്ന് റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കും. റാങ്ക് ലിസ്റ്റ്-1: ബിഎസ്‌സി നഴ്‌സിംഗ്, എംഎല്‍റ്റി, ഓപ്‌ടോമെട്രി കോഴ്‌സുകള്‍ക്ക് അവസാനവര്‍ഷ യോഗ്യതാ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ് പരിഗണിച്ചാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക. റാങ്ക്‌ലിസ്റ്റ്-2: ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിസിവിടി, ബിപിടി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്‌സുകള്‍ക്ക് യോഗ്യതാപരീക്ഷക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക്‌ലിസ്റ്റ്-3: ബിഎഎസ്എല്‍പി കോഴ്‌സിന് യോഗ്യതാപരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ്. യഥാസമയം റാങ്ക്‌ലിസ്റ്റുകള്‍ www.cee-kerala.org- എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 2017 നവംബര്‍ 30 വരെ റാങ്കുലിസ്റ്റുകള്‍ക്ക് പ്രാബല്യമുണ്ടാവും. സീറ്റ് അലോട്ട്‌മെന്റ്: സര്‍ക്കാര്‍ കോളേജുകളിലും/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലും ഏകജാലക സംവിധാനത്തിലൂടെ കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തും. ഇതിനായി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ കോളേജ്, കോഴ്‌സ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരം ലഭിക്കും. www.cee .kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'Nursing & Para Medical Admission 2017' എന്ന ലിങ്കിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും ഓപ്ഷന്‍ രജിസ്‌ട്രേഷനും മറ്റും ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സൗജന്യസേവനം പ്രയോജനപ്പെടുത്താം. ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള കീ-നമ്പരും പാസ്‌വേര്‍ഡും രഹസ്യമായി സൂക്ഷിക്കണം. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓപ്ഷന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് ആദ്യവാരം റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും. ട്രയല്‍ അലോട്ട്‌മെന്റ് യഥാസമയം പ്രസിദ്ധപ്പെടുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.