കഞ്ചാവ് മൊത്ത വ്യാപാരികളെ റിമാന്‍ഡ് ചെയ്തു

Sunday 9 July 2017 9:46 pm IST

അടിമാലി: കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ മൊത്ത വ്യാപാരികളെ റിമാന്‍ഡ് ചെയ്തു. അതേ സമയം സമീപത്തെ ആറ്റില്‍ചാടി രക്ഷപ്പെട്ട് പ്രതികള്‍ക്കായി എക്‌സൈസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കാന്തല്ലൂര്‍ കോവില്‍ കടവ് കൊച്ചുതടത്തില്‍ അനീഷ് സുബൈര്‍ (30), കീഴാന്തുര്‍ പെരടിപള്ളം കുമാര്‍ രാമയ്യ (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി അടിമാലി എക്‌സൈസ് നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 9.300 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി-ധനുഷ്‌കോടി  ദേശീയപാതയില്‍ പത്താംമൈലിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയില്‍ ചാക്കിലാക്കി അതിന് മുകളില്‍ പച്ചക്കറി നിറച്ചായിരുന്നു ഇരുവരും കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് സംഘത്തെ കണ്ട ഉടനെ വണ്ടിയിലുണ്ടായിരുന്ന രണ്ട് പേര്‍ ചാടി ഓടുകയായിരുന്നു. സമീപത്തെ പുഴയില്‍ ചാടിയ ഇരുവരെയും രാത്രി ആയതിനാല്‍ എക്‌സൈസ് സംഘത്തിന് പിടികൂടാനായില്ല. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും വാങ്ങി കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് പിടിയിലായത്. എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സിഐ ഷാജി ജെ വര്‍ഗീസിന് കഞ്ചാവ് കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ വി സുകു, ഉദ്യോഗസ്ഥാരായ വി ആര്‍ ഷാജി, സഹദേവന്‍ പിള്ള, എസ് സുനില്‍, കെ ബി. സുരേഷ് കുമാര്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും അടിമാലി കോടതിയില്‍ ഹാജരാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.