ആസാം കലാപം: മരണസംഖ്യ 58 ആയി

Friday 27 July 2012 2:46 pm IST

ഗുവാഹതി: പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ നുഴഞ്ഞുകയറ്റക്കാരായ മുസ്ലീങ്ങള്‍ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗ ഹിന്ദുക്കള്‍ക്കെതിരെ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി. ചിരാംഗില്‍ നിന്ന്‌ ഇന്ന്‌ 14 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ 150 ക്യാമ്പുകളിലായി രണ്ടുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്‌. ഗുവാഹതിയില്‍ നിന്‍ന്ന്‌ ഇന്നലെ രാവിലെ 11.30 ഓടെ ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി കൊക്രജറിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ കാഞ്ചിപ്പറയിലെ ബോട്ഗാവ്‌ പുനരധിവാസ ക്യാമ്പിലേക്കു പോവുകയായിരുന്ന എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ ബിപുല്‍ സൈകിയയ്ക്കു നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടിരുന്നു. കലാപം ബക്സ ജില്ലയിലേക്കും പടര്‍ന്നിട്ടുണ്ട്‌. കൊക്രജര്‍, ചിരാഗ്‌, ദുബ്രി, ബൊംഗായിഗാവ്‌ എന്നീ ജില്ലകളില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ശനിയാഴ്ച കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിങ്കളാഴ്ച ആഭ്യന്തര മന്ത്രി ചിദംബരവും അസമിലെത്തുന്നുണ്ട്. കലാപമേഖലയില്‍നിന്ന് രണ്ടുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. മേഖലയിലെ വിവിധ ജില്ലകളിലായുള്ള നൂറ്റമ്പതോളം അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇവരിലേറെപ്പേരും തമ്പടിച്ചിട്ടുള്ളത്. കലാപമേഖലകളില്‍ നിരോധനാജ്ഞയും നിശാനിയമവും തുടരുകയാണ്. കരസേനയും അര്‍ധസൈനിക വിഭാഗങ്ങളും ഈ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.