അനധികൃത പണപ്പിരിവ്: സ്‌കൂളിലെത്തിയ രക്ഷിതാവിനെ അക്രമിക്കാന്‍ ശ്രമം

Sunday 9 July 2017 9:53 pm IST

കാസര്‍കോട്: കുണ്ടംകുഴി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്‌കൂള്‍ പ്രവേശനത്തിന് നടത്തിയ അനധികൃത പണപ്പിരിവ് വിവാദമാകുന്നു. ഇത് സംബനിധിച്ച് പരാതി നല്‍കിയ കുണ്ടംകുഴിയിലെ കൃഷ്ണഭട്ടിനെ പിടിഎ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇന്നലെ സ്‌കൂളിനകത്ത് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദമാകുന്നു. വിദ്യാര്‍ത്ഥി പ്രവേശനത്തോടനുബന്ധിച്ച് അനധികൃതമായി വികസന നിധിയിലേക്ക് വാങ്ങിയ പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. വിദ്യാലയത്തിലെത്തി പണം കൈപ്പറ്റണമെന്നാവശ്യപ്പെട്ട് വിദ്യാലയത്തില്‍ നിന്നും പരാതിക്കാരന് രജിസ്‌ട്രേഡ് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പണം വാങ്ങാനാണ് വിദ്യാലയത്തിലെത്തിയത്. തുടര്‍ന്ന് പ്രധാനാധ്യാപിക പിടിഎ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. പിടിഎ പ്രസിഡന്റും എസ്എംസി ചെയര്‍മാനും പ്രധാനാധ്യാപികയുടെ മുറിയിലെത്തുകയും കൃഷ്ണ ഭട്ടിനോട് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. അതിനിടെ കൃഷ്ണ ഭട്ടിന് എട്ടായിരം രൂപ പ്രധാനാധ്യാപിക നല്‍കുകയും അതിന്റെ കൈപ്പറ്റ് രസീത് വാങ്ങുകയും ചെയ്തു. ഈ സമയം വിദ്യാലയത്തിന് മുന്നില്‍ നൂറിലേറെ വരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. പണം വാങ്ങി പുറത്തേക്കെത്തുന്ന കൃഷ്ണ ഭട്ടിനെ ആക്രമിക്കുമെന്ന സ്ഥിതിയിലായിരുന്നു. ഇതിനിടയില്‍ വിവരമറിഞ്ഞ് ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂള്‍ പ്രധാനാധ്യാപികയുടെ മുറിയിലേക്കെത്തിയത് പിടിഎ പ്രസിഡന്റിനേയും എസ്എംസി ചെയര്‍മാനേയും ഞെട്ടിച്ചു. കൃഷ്ണ ഭട്ടിനെ കയ്യേറ്റം ചെയ്യാന്‍ തയ്യാറായി നിന്നവര്‍ക്ക് മുന്നിലൂടെ തന്നെ പോലീസ് കൃഷ്ണ ഭട്ടിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. പണം തിരിച്ചു വാങ്ങാന്‍ കത്തയച്ച് വരുത്തി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ കയ്യേറ്റം ചെയ്യാന്‍ പ്രധാനാധ്യാപിക കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പിടിഎ പ്രസിഡന്റും എസ്എംസി ചെയര്‍മാനും ചേര്‍ന്നാണ് ജനങ്ങളെ സംഘടിപ്പിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേര്‍ പണം വാങ്ങാന്‍ വിദ്യാലയത്തിലെത്തിയെങ്കിലും പണം തിരികെ നല്‍കിയില്ല. വിദ്യാലയത്തിലേക്ക് അടുത്ത ദിവസം വിളിപ്പിച്ച് പണം തിരികെ വേണ്ടെന്ന് മറ്റുള്ള രക്ഷിതാക്കളുടെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് കടുത്ത അച്ചടക്ക ലംഘനമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള നീക്കത്തിന് പ്രധാനാധ്യാപിക സഹായം ചെയ്ത് കൊടുക്കുന്നതായി ആക്ഷേപമുണ്ട്. അനധികൃതമായി വിദ്യാലയാധികൃതര്‍ പിരിച്ച പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവ് വിദ്യാലയാധികൃതര്‍ക്ക് പാലിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത അധികൃതര്‍ വ്യക്തമാക്കി. കൃഷ്ണഭട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.