ലൗ ജിഹാദ് ഉണ്ടെന്ന് സെന്‍കുമാര്‍

Sunday 9 July 2017 10:38 pm IST

തിരുവനന്തപുരം: ലൗ ജിഹാദ് ഇല്ലെന്നത് പൂര്‍ണമായും ശരിയല്ലെന്ന് മുന്‍ പോലീസ് മേധാവി ഡോ. ടി.പി.സെന്‍കുമാര്‍. ആര്‍എസ്എസിനെയും ഐഎസിനെയും ഒരുപോലെ കാണാനാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. 'ജന്മഭൂമി' സംഘടിപ്പിച്ച പ്രതിഭാസംഗമത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദിനെക്കുറിച്ച് രണ്ടുകേസുകള്‍ ഡിജിപിയെന്ന നിലയില്‍ ഹൈക്കോടതിയാണ് തന്നോട് അന്വേഷിക്കാന്‍ പറഞ്ഞതെന്ന് സെന്‍കുമാര്‍ പറഞ്ഞു. 'ലൗ'വിലുള്ളയാളെയല്ല പലപ്പോഴും കല്യാണം കഴിക്കുന്നത്. ഇതെന്തുകൊണ്ടെന്ന് പറയേണ്ടിവരില്ലേ? ചില കാര്യങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതല്ല. പുറത്തുതൈലം പുരട്ടിയിട്ടുകാര്യമില്ല. അടുത്തിടെ ഐഎസിലേക്ക് പോയ പെണ്‍കുട്ടിയുടെ കേസില്‍ എന്താണ് സംഭവിച്ചത്? നിമിഷയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്? ഞാന്‍ അസത്യമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാ സത്യങ്ങളും എപ്പോഴും ഒരുപോലെയാവില്ല. എല്ലാത്തിലും നന്മകളും തിന്മകളും ഉണ്ട്. നന്മകളെ സ്വീകരിക്കണം. രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ പത്രമായ 'ജന്മഭൂമി'യുടെ പരിപാടിക്കുവന്നപ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ആ നെറ്റികള്‍ ചുളിഞ്ഞിരിക്കട്ടെ. ഞാന്‍ ജമാ അത്തെ ഇസ്ലാമിയുടെ പരിപാടികളില്‍ പോയിട്ടുണ്ട്. കെ.കരുണാകരന്‍ ജന്മശതാബ്ദിക്ക് പോയിട്ടുണ്ട്. അന്നൊന്നും ആരും അത് ദുഷിച്ചുകണ്ടില്ല. നന്മകളെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ജന്മഭൂമിയുടെ പ്രതിഭാസംഗമത്തിന് വന്നത് അതിന്റെ ഭാഗമാണ്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല. ഐഎസിനെയും ആര്‍എസ്എസിനെയും ഒരുപോലെ കാണാനാകില്ല. കാരണം ഐഎസ് പുറത്തുള്ള സംഘടനയാണ്. ആര്‍എസ്എസ് രാജ്യത്തിനകത്തുള്ള പ്രസ്ഥാനമാണ്. ഗോവധത്തെക്കുറിച്ച് എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അച്ഛനെയും അമ്മയെയും നോക്കാന്‍ സമയം കിട്ടാത്തിടത്ത് പശുക്കളെ ആരാണ് നോക്കുക. മൃഗങ്ങളെ കൊല്ലുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ വേദനരഹിതമായ രീതിയില്‍ കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.