പോലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

Monday 10 July 2017 12:43 am IST

മട്ടാഞ്ചേരി: ജനമൈത്രി പോലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി, മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനാറുകാരനെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനിലെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മൂലങ്കുഴി ബീച്ച് റോഡില്‍ അറക്കല്‍ വീട്ടില്‍ ഡേവിഡ് ആണ് തന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ അകാരണമായി പോലീസ് മര്‍ദ്ദിച്ചെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. കൂട്ടുകാരോടൊപ്പം നസ്രത്ത് ആശ്വാസ് ഭവനു സമീപം സംസാരിച്ച് നില്‍ക്കുമ്പോള്‍ ജീപ്പില്‍ വന്ന എസ്‌ഐ വിരട്ടിയോടിച്ചുവെന്നും ഇതിനു ശേഷം തന്റെ മകന്‍ തിരിഞ്ഞു നോക്കിയതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ എസ് ഐ സൈക്കിളില്‍ ഇരിക്കുകയായിരുന്ന എഡ്വിനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടെന്നും ഇതോടെ മറിഞ്ഞ് വീണ് പൊട്ടി ചോര ഒലിച്ചുവെന്നും പിന്നീട് ജീപ്പില്‍ കയറ്റി കൈകള്‍ പിടിച്ചു തിരിച്ചെന്നും പിതാവ് പരാതിയില്‍ പറയുന്നു. തനിക്ക് പരീക്ഷയാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ പരീക്ഷ എഴുതുന്നത് കാണിച്ച് തരാമെന്ന് പറഞ്ഞ് എസ്‌ഐ എഡ്വിന്റെ വിരലുകള്‍ പിടിച്ച് വളച്ചു, സ്‌റ്റേഷനില്‍ എത്തിച്ച ശേഷവും മര്‍ദ്ദിച്ചു. മൊബൈലില്‍ കുട്ടിയുടെ ഫോട്ടോയെടുത്തു നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ പല കേസുകളിലും പ്രതിയാക്കുമെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു. കുട്ടിയുടെ പിതാവ് വന്നപ്പോള്‍ പിതാവിനെ ഉപദേശിച്ച് കുട്ടിയെ കൂടെ വിടുകയായിരുന്നു. വീട്ടില്‍ എത്തിയതിന് ശേഷം കുട്ടി അസ്വസ്ഥത പ്രകടമാക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടിയെ കരുവേലിപ്പടി മഹാരാജാസ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഇടവക വികാരി ഫാ.ജോര്‍ജ്ജ് ബിബിലന്‍ ആവശ്യപ്പെട്ടു. മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ്. വിജയന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.