സെന്‍‌കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം : കുമ്മനം

Monday 10 July 2017 1:09 pm IST

തിരുവനന്തപുരം: കേരളത്തില്‍ മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന മുന്‍ പോലീസ് മേധാവി ഡോ. ടി.പി.സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലീം കുട്ടികളാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍‌കുമാര്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമാണ്. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദീര്‍ഘകാലം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ നിന്നുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് തള്ളിക്കളയാനാവില്ലെന്നും കുമ്മനം വ്യക്തമാക്കി. കേരളം ഭയാനകമായ സാഹചര്യത്തിലാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. സെന്‍‌കുമാറിനെ പോലെയുള്ളവര്‍ ബിജെപിയിലേക്ക് വന്നാല്‍ ശക്തി പകരുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കുമ്മനം പറഞ്ഞു. എന്നാല്‍ ബിജെപിയിലേക്ക് വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ‘ജന്മഭൂമി’ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിനെത്തിയ സെന്‍‌കുമാര്‍ ലൗ ജിഹാദിനെക്കുറിച്ചും പ്രതികരിച്ചിരുന്നു. ലൗജിഹാദിനെക്കുറിച്ച് രണ്ടുകേസുകള്‍ ഡിജിപിയെന്ന നിലയില്‍ ഹൈക്കോടതിയാണ് തന്നോട് അന്വേഷിക്കാന്‍ പറഞ്ഞതെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ‘ലൗ’വിലുള്ളയാളെയല്ല പലപ്പോഴും കല്യാണം കഴിക്കുന്നത്. ഇതെന്തുകൊണ്ടെന്ന് പറയേണ്ടിവരില്ലേ? ചില കാര്യങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതല്ല. പുറത്തുതൈലം പുരട്ടിയിട്ടുകാര്യമില്ല. അടുത്തിടെ ഐഎസിലേക്ക് പോയ പെണ്‍കുട്ടിയുടെ കേസില്‍ എന്താണ് സംഭവിച്ചത്? നിമിഷയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്? ഞാന്‍ അസത്യമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാ സത്യങ്ങളും എപ്പോഴും ഒരുപോലെയാവില്ല. എല്ലാത്തിലും നന്മകളും തിന്മകളും ഉണ്ട്. നന്മകളെ സ്വീകരിക്കണമെന്നും സെന്‍‌കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.