എല്ലാവരുടെ വീട്ടിലുമുണ്ടാകണം ഓണത്തിന് ഒരുമുറം പച്ചക്കറി

Monday 10 July 2017 8:58 pm IST

ഓണപ്പുക്കളും ഓണക്കോടിയും ഓണക്കളികളും ഓണവിഭവങ്ങളും ഓണപ്പാട്ടുകളുമൊക്കെ ചേര്‍ന്ന് അതിമനോഹരമായ അനുഭവമാണ് നമുക്ക് ഓണം. കാര്‍ഷിക സംബന്ധിയായ ഉത്സവം എന്ന നിലയില്‍ ഓണത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ പ്രഥമസ്ഥാനമാണുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി വിഭവങ്ങള്‍ ഉപയോഗിക്കുന്ന സമയവും ഒരുപക്ഷെ ഓണക്കാലം തന്നെയായിരിക്കും. ഇന്ന് നമ്മള്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും ആശ്രയിക്കുന്നത് പ്രധാനമായും അന്യസംസ്ഥാനങ്ങളെയാണ്. ഒരു പച്ചമുളക് തൈ പോലും സ്വന്തമായി നട്ടുവളര്‍ത്താന്‍ മെനക്കെടാത്തവരായി ആലസ്യത്തിലാണ്ടു നാം. ഭക്ഷ്യസാധനങ്ങള്‍ എല്ലാം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന പഴയ ശീലം വീണ്ടെടുക്കണമെന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. ജനങ്ങളുടെ ആരോഗ്യമാണ് പരമപ്രധാനമെന്ന കാഴ്ച്ചപ്പാടാണ് ഇതിനു പുറകില്‍. സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കാര്‍ഷിക നയം അതാണ് ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷിയുടെ പ്രോത്സാഹനം ഈ നയത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ്. വീട്ടുവളപ്പുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, തരിശുനിലങ്ങള്‍ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷി, അടുക്കളത്തോട്ടങ്ങള്‍, മട്ടുപ്പാവ് കൃഷി എന്നിവ നടപ്പാക്കി പച്ചക്കറി ഉല്‍പ്പാദനരംഗത്ത് പൊതുജന പങ്കാളിത്തത്തോടെ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളെ കണ്ടെത്തി അവിടെ പ്രത്യേകം കാര്‍ഷിക മേഖലകളായി തരംതിരിച്ച് വായ്പാ സൗകര്യം, മേല്‍ത്തരം വിത്ത്, മറ്റ് ഉല്‍പ്പാദനോപാധികള്‍, യന്ത്രവത്കരണം എന്നിവ ലഭ്യമാക്കി നല്ല കാര്‍ഷിക മുറകള്‍ അവലംബിച്ച് കര്‍ഷക കൂട്ടായ്മയിലൂടെ സുരക്ഷിത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പരമാവധി ഉല്‍പ്പാദിപ്പിക്കുക, അങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നവയുടെ സംഭരണം, വിപണനം എന്നിവ ശക്തമാക്കി പുതുമ നഷ്ടപ്പെടാതെ അവ കൃഷിയിടങ്ങളില്‍ നിന്ന് വിപണയിലേക്ക് എത്തിച്ച് കര്‍ഷകന് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് ഈ രംഗത്തെ ഇടപെടലുകളില്‍ പ്രധാനം. ഈ ഓണക്കാലത്ത് സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ''ഓണത്തിന് ഒരുമുറം പച്ചക്കറി'' എന്ന പേരില്‍ ബൃഹത്തായ ഒരു ജനകീയപദ്ധതിയ്ക്ക് നാം തുടക്കം കുറിക്കുകയാണ്. വിഷമില്ലാത്ത ശുദ്ധമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ വിളയിച്ചെടുത്ത് ഓണസദ്യ ഗംഭീരമാക്കാനുള്ള ഉദ്യമമാണിത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായ രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഹരിതകേരളം മിഷനുമായി ബന്ധപ്പെടുത്തി കുടുംബശ്രീകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പച്ചക്കറി ക്ലസ്റ്ററുകള്‍, പൊതുസ്ഥാപനങ്ങള്‍, യുവജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകള്‍ തുടങ്ങി എല്ലാവിഭാഗം ആളുകളുടെയും സഹകരണത്തോടെ മാത്രമേ ഇത് വിജയിപ്പിക്കാന്‍ കഴിയൂ. ഈ മഹത്തായ പദ്ധതി ഇന്നുമുതല്‍ പൂര്‍ണതോതില്‍ ആരംഭിക്കുകയാണ്. 63 ലക്ഷം വിത്തുപായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തില്‍പരം ഗ്രോ ബാഗുകള്‍ എന്നിവ ഇന്നുമുതല്‍ ലഭ്യമാക്കും. പുരയിട പച്ചക്കറി കൃഷി, വിപണനം, വരുമാന വര്‍ദ്ധന എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകവഴി പുറമേ നിന്നുള്ള വിഷമയമായ പച്ചക്കറികളുടെ വരവ് നിയന്ത്രിക്കുകയും തടയുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് പ്രോത്സാഹനം എന്ന നിലയില്‍ പാരിതോഷികം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന വീട്ടമ്മമാര്‍ക്കും ഗ്രൂപ്പിനും ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ജില്ലാതലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും പാരിതോഷികമായി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ 50,000 രൂപ, 25,000 രൂപ വീതം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് നല്‍കും. ജില്ലാതലത്തില്‍ ഇത് 10,000രൂപ, 5,000 രൂപ വീതമാണ്. പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, ഓണക്കാലത്തേയ്ക്കു മാത്രമുള്ള പദ്ധതിയാകാതെ സ്ഥിരം സംവിധാനമാക്കുന്നതിനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ശീലമാക്കുന്നതോടെ മാരകമായ രോഗങ്ങള്‍ ഇവിടെ നിന്ന് വഴിമാറുകതന്നെ ചെയ്യും. നല്ല ഭക്ഷണം വഴി നല്ല ആരോഗ്യവും നല്ല സമൂഹവും ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല പച്ചക്കറി കൂട്ടി ഊണ് കൊടുക്കുക എന്നതിനൊപ്പം വരാന്‍ പോകുന്ന തലമുറകളിലേക്കും ഈ മഹത്തായ സന്ദേശം കൈമാറേണ്ടതുണ്ട്. നമ്മുടെ നല്ല മണ്ണും ശുദ്ധമായ വായുവും പവിത്രമായ വെള്ളവും വാസയോഗ്യമായ കാലാവസ്ഥയും ഒട്ടും മലിനമാകാതെ, നാം എങ്ങനെ സ്വീകരിച്ചുവോ അതിലും മികച്ച നിലയില്‍ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിന് നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് നമ്മുടെ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുവാനുള്ള ശ്രമം കൂടിയാണ്. പങ്കിടലിന്റെയും കൂട്ടായ്മയുടെയും നന്മയുടെയും സംസ്‌കാരം. മാവേലി നാട് വാണിരുന്ന കാലത്തെ സംസ്‌കാരം . ഓണത്തിന് ഒരുമുറം പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ വിളയിച്ച് നമുക്ക് തുടക്കം കുറിക്കാം. എല്ലാവരും ഒത്തൊരുമിച്ച് കൈകോര്‍ത്ത് ഈ ലക്ഷ്യത്തിലേക്ക് മുന്നേറാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.