കുട്ടനാട്ടിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം: വി.മുരളീധരന്‍

Wednesday 13 July 2011 11:02 pm IST

ആലപ്പുഴ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്‌ പോലെ തന്നെ കുട്ടനാട്ടിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമങ്ങളെല്ലാം ലംഘിച്ച്‌ കുട്ടനാട്ടില്‍ ഭൂമാഫിയകള്‍ കായല്‍ കയ്യേറുകയാണ്‌. ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ സര്‍ക്കാര്‍. ഇത്‌ തുടരുകയാണെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ കായല്‍ കയ്യേറ്റം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുരളീധരന്‍. 1985ല്‍ സര്‍ക്കാര്‍ നല്‍കിയ മിച്ചഭൂമി അറുപതോളം പേരില്‍ നിന്ന്‌ ഒരു എംഎല്‍എ വാങ്ങി റിസോര്‍ട്ട്‌ പണിയുകയായിരുന്നു. മിച്ചഭൂമി വില്‍ക്കാന്‍ അധികാരമില്ലെന്നിരിക്കെ ഇത്‌ വിറ്റത്‌ നിയമവിരുദ്ധമാണ്‌. ഈ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണം. ഇതിലൂടെ വ്യക്തമാകുന്നത്‌ സര്‍ക്കാര്‍ പദ്ധതികള്‍ പരാജയപ്പെട്ടുവെന്നാണ്‌. മൂന്നാറിലെ പോലെ കുട്ടനാട്ടിലെ പാടശേഖരങ്ങളും തട്ടിയെടുക്കാന്‍ റിസോര്‍ട്ട്‌ മാഫിയകള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെ ചേര്‍ത്തലയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതിലൂടെ സിപിഎം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്‌. ക്വട്ടേഷന്‍ സംഘങ്ങളെ പോലെ പെരുമാറുന്ന സിപിഎം ഇരുട്ടിന്റെ മറവില്‍ അക്രമം നടത്തുകയാണ്‌. സമാധാനം നിലനിര്‍ത്താന്‍ അക്രമികളെ ഉടന്‍ പിടികൂടണം. ബിജെപി ജില്ലാ പ്രസിഡന്റിനെ പോലീസ്‌ തടങ്കലില്‍ വെയ്ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തത്‌ പ്രശ്നം വഷളാക്കാനേ സഹായിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു. അക്രമം നടന്ന സ്ഥലങ്ങളും പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു.