ഹൈദറലി തങ്ങള്‍ പുറത്താക്കിയ നഗരസഭാ കൗണ്‍സിലര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയെന്ന്: ഉളിയില്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയെ ജില്ലാ ലീഗ് കമ്മറ്റി പിരിച്ചുവിട്ടു

Monday 10 July 2017 9:10 pm IST

ഇരിട്ടി: പാര്‍ട്ടി പുറത്താക്കിയ ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എം.പി.അബ്ദുറഹ്മാനെ വഴിവിട്ടു സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉളിയില്‍ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയെ ജില്ലാ ലീഗ് കമ്മറ്റി പിരിച്ചുവിട്ടു. പുറത്താക്കിയ ആള്‍ക്ക് സംഘടനാ മെമ്പര്‍ഷിപ്പ് കാലയളവില്‍ മെമ്പര്‍ഷിപ്പ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എം.കെ.അഹമ്മദ് പ്രസിഡണ്ടും കെ.മുഹമ്മദ് സെക്രട്ടറിയുമായ കമ്മറ്റി പിരിച്ചുവിട്ടത്. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും സിപിഎം ഭരണസമിതിക്ക് അധികാരത്തിലേറാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാര്‍ട്ടി നേരത്തെ അബ്ദുറഹ്മാനെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എം.പി.അബ്ദുറഹ്മാനെ കൂടാതെ ഉളിയില്‍ മേഖലയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരായ ടി.കെ.ഷരീഫ, ഇ.കെ.മറിയം എന്നിവരാണ് വിപ്പ ലംഘിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. രണ്ടു വനിതാ അംഗങ്ങളും പാര്‍ട്ടിക്ക് മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയില്‍ നിന്ന് ഒഴിവാക്കുകയും അബ്ദുറഹിമാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയമായിരുന്നു. വിപ്പ് ലംഘിച്ച അബ്ദുറഹിമാനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനമെന്നാവശ്യപ്പെട്ട് നഗരസഭാ പാര്‍ട്ടി ലീഡര്‍ സി.മുഹമ്മദലി തെരെഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആറു വര്‍ഷത്തെക്ക് അയോഗ്യനാക്കി വിധി പുറപ്പെടുപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ അബ്ദുറഹിമാന്‍ ഹാജറാക്കിയ മെമ്പര്‍ഷിപ്പും വിപ്പ് നല്‍കുന്ന സമയത്ത് കണ്ണൂരിലെ പ്രധാനആശുപത്രിയില്‍ ചികില്‍സയിലാണെന്നുള്ള രേഖയും ചില സാക്ഷിമൊഴികളും ഉളിയില്‍ശാഖയിലെ പ്രധാന ഭാരവാഹികള്‍ അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് ജില്ലാ കമ്മറ്റി വിലയിരുത്തിയത്. പാര്‍ട്ടിക്ക് വിരുദ്ധമായി തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ മൊഴി നല്‍കുകയും മെമ്പര്‍ഷിപ്പ് നല്‍കുകയും ചെയ്ത കെ.പി.ഹംസമാസ്റ്റര്‍, പി.വി.നസീര്‍ എന്നിവരെ നാലു ദിവസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുസ്ലിം ഗലീഗിന് ശക്തമായ അടിത്തറയുള്ള പ്രദേശത്ത് മേല്‍കമ്മിറ്റിയുമായുള്ള നിസ്സഹകണവും മറ്റും മൂലം ഏറെകാലമായി പ്രവര്‍ത്തനം നിലച്ച നിലയിലാണ്. ശാഖയിലെ പ്രശ്‌നം സമയബന്ധിതമായി ഇടപ്പെട്ട് പരിഹരിക്കുന്നതില്‍ മേല്‍ കമ്മിറ്റി വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്നും വ്യക്തി വിരോധം പാര്‍ട്ടി വിരോധമാക്കിമാറ്റുകയാണെന്നുമാണ് ശാഖയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പ്രധാനപരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.