നഗരത്തില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീ പിടിച്ചു

Monday 10 July 2017 9:32 pm IST

  തൊടുപുഴ: നഗരത്തില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീ പിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. പാലാ റോഡില്‍ മണക്കാട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പോക്കറ്റസ് ജന്റ്‌സ് വെയര്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. വെങ്ങല്ലൂര്‍ സ്വദേശി നജീബിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്നലെ രാവിലെ 9 മണിയോടെയാണ് സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് സമീപത്തെ വ്യാപാരികള്‍ കാണുന്നത്. ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തിയപ്പോഴേക്കും സമീപത്തെ കടയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് കട തുറന്നിരുന്നെങ്കിലും പുക നിറഞ്ഞതിനാല്‍ അകത്തേക്ക് കടക്കുവാന്‍ സാധിച്ചില്ല. അരമണിക്കൂറോളം പ്രയത്‌നിച്ച ശേഷമാണ് അപകട സാധ്യത ഒഴിവായത്. ഒറ്റ മുറിയായതിനാല്‍ പുക നീങ്ങാത്തത് തടസ്സമായി. ഇന്‍വേര്‍ട്ടറിനോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് തീ പടര്‍ന്നിരിക്കുന്നതെന്നാണ് അഗ്നിശമന സേന നല്‍കുന്ന വിവരം. ഇവിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആകാം അപകടകാരണം. വയറിങ് ഏതാണ്ട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഫര്‍ണ്ണീച്ചറുകളും തുണികളും നശിച്ചിട്ടുണ്ട്. പുക നിറഞ്ഞതിനാല്‍ മറ്റ് തുണികളൊന്നും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. നഗരത്തിലുണ്ടായിരുന്ന ഉടമയും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. വെള്ളമുണ്ടുകള്‍ അടക്കമുള്ളവയുടെ ശേഖരവും കത്തി നശിച്ചു. തൊടുപുഴ അഗ്നിശമന സേനയിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ കരുണാകരപിള്ള, ഉദ്യോഗസ്ഥരായ റ്റി ഇ അലിയാര്‍, ബിജിസ് ജോര്‍ജ്ജ്, ഷിന്റോ ജോസ്, നൗഷാദ്, സാജു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.