ചിദംബരം സൂചിപ്പിച്ച സംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും

Friday 27 July 2012 11:31 pm IST

തിരുവനന്തപുരം : ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ദേശീയ സുരക്ഷാ ഏജന്‍സി നിരീക്ഷിക്കുന്ന അഞ്ച്‌ സംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ടും. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരമാണ്‌ സംസ്ഥാനത്തെ അഞ്ചുസംഘടനകള്‍ ഭീകരവാദബന്ധത്തിന്റെ പേരില്‍ നിരീക്ഷണത്തിലാണെന്ന്‌ വ്യക്തമാക്കിയത്‌. സംഘടനയുടെ പേരുകള്‍ ചിദംബരം പറഞ്ഞിരുന്നില്ല. എന്‍ഡിഎഫില്‍നിന്നും രൂപംകൊണ്ട മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്‌, ഇസ്ലാമിക്‌ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍, മൈനോറിറ്റി റ്റൈറ്റ്സ്‌ വാച്ച്‌, സോളിഡാരിറ്റി സ്റ്റുഡന്‍സ്‌ മൂവ്മെന്റ്‌, റവല്യൂഷണറി പീപ്പിള്‍സ്‌ ഫ്രണ്ട്‌ എന്നിവയാണ്‌ ചിദംബരം സൂചിപ്പിച്ച സംഘടനകള്‍ എന്നറിയുന്നു. ഇതില്‍ ആദ്യത്തേത്‌ നാലും നിരോധിക്കപ്പെട്ട 'സിമി'യുമായി ബന്ധമുള്ളവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളാണ്‌. ഈ സംഘടനകള്‍ക്ക്‌ ലഷ്കറെ തൊയ്ബ, ജയിഷ്‌ ഇ മുഹമ്മദ്‌, ഹര്‍ക്കത്‌ ഉള്‍- ജിഹാദി ഇസ്ലാമി എന്നീ അന്താരാഷ്ട്ര മുസ്ലീം തീവ്രവാദ സംഘടനയുമായി നേരിട്ടു ബന്ധമുണ്ട്‌. ഇതിനുപുറമെ മുസ്ലീം യൂത്ത്‌ കള്‍ച്ചറല്‍ ഫോറം, സഹൃദയവേദി, കാരുണ്യ ഫൗണ്ടേഷന്‍, മൂവ്മെന്റ്‌ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ഇസ്ലാമിക്‌ സിംബല്‍സ്‌ ആന്റ്‌ മോണലെന്റ്സ്‌ തുടങ്ങി വിവിധ പേരുകളില്‍ 12 ഓളം സംഘടനകള്‍ മതതീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ട്‌. 'സിമി'യുടെ നേതാക്കളായിരുന്നവരാണ്‌ ഈ സംഘടനകള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. ലഷ്കറെ തൊയ്ബയുമായി ഈ സംഘടനകള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ ജസ്റ്റിസ്‌ ഭവ ചതുര്‍വേദി ട്രിബ്യൂണലിനു മുന്‍പാകെ സംഘടന സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. മതപഠനം, ഗ്രാമീണ വികസനം, ഗവേഷണം തുടങ്ങിയ മറകള്‍ ഉപയോഗിച്ചാണ്‌ പല സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്‌. ഇതില്‍ അധികവും മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുമ്പോള്‍ രണ്ട്‌ സംഘടനകള്‍ തിരുവനന്തപുരമാണ്‌ കേന്ദ്രമാക്കിയിരിക്കുന്നത്‌. ഒരു സംഘടനയുടേത്‌ കൊച്ചിയും മറ്റൊന്നിന്റേത്‌ കോഴിക്കോടുമാണ്‌ ആസ്ഥാനം. നിരീക്ഷണത്തിലുള്ള സംഘടനകള്‍ കേരളത്തില്‍ പത്രം നടത്തുന്നതായും ചിദംബരം പറഞ്ഞിരുന്നു. 'തീവ്രവാദ' ബന്ധത്തിന്റെ പേരില്‍ 'തേജസ്‌'ദിനപത്രത്തിന്‌ പരസ്യം നല്‍കരുതെന്ന്‌ കേന്ദ്രം നേരത്തെ സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്‍ഡിഎഫിന്റെ സംസ്ഥാന നേതാവിന്റെ പങ്കാളിത്തത്തിന്റെ പേരില്‍ 'റിപ്പോര്‍ട്ടര്‍' ചാനലിനുള്ള അംഗീകാരം നല്‍കുന്നത്‌ താമസിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപ്പെട്ടുതന്നെ രണ്ട്‌ തടസ്സങ്ങളും നീക്കുകയായിരുന്നു. കേരളത്തില്‍ തീവ്രവാദി സംഘടനകളുടെ 'സ്ലീപ്പര്‍ സെല്ലു'കള്‍ പ്രവര്‍ത്തിക്കുന്നതായും കേന്ദ്ര രഹസ്യാന്വേഷണവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്‌. ആശയപ്രചാരണം, റിക്രൂട്ട്മെന്റ്‌, വിദേശപ്പണം കടത്തി ലക്ഷ്യത്തിലെത്തിക്കുക എന്നീ പ്രവൃത്തികളാണ്‌ 'സ്ലീപ്പിങ്‌ സെല്ലു'കള്‍ ചെയ്യുന്നത്‌. ഇവയെ ഏകോപിപ്പിക്കാന്‍ സൗദിയിലും യുഎഇയിലും പാക്ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഭീകരവാദബന്ധമുള്ള ഒട്ടേറെപ്പേര്‍ കേരളത്തിലെ ചില മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളിലേക്ക്‌ നുഴഞ്ഞുകയറിയതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കേരളത്തിലേയ്ക്ക്‌ കണക്കില്ലാതെ പണം എത്തുന്നുണ്ട്‌. ഇതില്‍ കൂടുതലും ഹവാല പണമാണ്‌. കേരളത്തിലെ പല കേന്ദ്രങ്ങളില്‍നിന്നും ലക്ഷക്കണക്കിന്‌ പണം പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കേരളത്തിലേയ്ക്ക്‌ ആയിരക്കണക്കിന്‌ കോടി രൂപ ചില ബാങ്കുകള്‍ വഴി വന്നതും തീവ്രവാദ പ്രവര്‍ത്തനത്തിനാണെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. ബാങ്കുകള്‍ വഴി മാത്രമല്ല ദിവസവും കേരളത്തിലേയ്ക്ക്‌ വന്നുപോകുന്ന സ്വകാര്യ ബസ്സുകള്‍ വഴിയും ലക്ഷക്കണക്കിന്‌ രൂപ കേരളത്തിലെത്തുന്നുണ്ട്‌. പലതവണയായി പോലീസ്‌ ഇത്തരം ബസ്സുകളില്‍നിന്ന്‌ 20കോടിയിലേറെ രൂപയാണ്‌ പിടിച്ചെടുത്തത്‌. ഇത്തരം ബസ്‌ സര്‍വീസുകള്‍ നടത്തുന്ന ചില സ്ഥാപനങ്ങളേയും രഹസ്യാന്വേഷണ വിഭാഗത്തിന്‌ സംശയമുണ്ട്‌. ഈ സ്ഥാപനങ്ങള്‍ക്ക്‌ ഭീകരവാദ സംഘടനകളുമായോ തീവ്രവാദികളുമായോ ബന്ധമുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിക്കുകയാണ്‌. ഈ പണം തീവ്രവാദ ബന്ധമുള്ളവരുടെ കൈയിലെത്തുന്നുവെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്‌. കേരളത്തിന്റെ ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും ഇത്തരം സംഘടനകള്‍ക്ക്‌ കേരളത്തില്‍ വേരോടിയ്ക്കാന്‍ അനുകൂലമാവുന്നുണ്ട്‌. ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്ക്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തുന്നുണ്ട്‌. നേരിട്ട്‌ കേരളത്തില്‍ എത്തുന്നതിന്‌ പുറമെ മുംബൈയില്‍ എത്തുന്ന പണമാണ്‌ വിവിധ മാര്‍ഗങ്ങളില്‍ക്കൂടി റോഡ്‌ വഴി കേരളത്തിലെത്തുന്നത്‌. ഭീകരവാദ സംഘങ്ങളുമായി ബന്ധമുള്ള പലരും കേരളത്തില്‍ എസ്ടിഡി ബൂത്തുകളും കൊറിയര്‍ കമ്പനികളും നടത്തുന്നുണ്ട്‌. ഇത്‌ അവരുടെ പ്രവര്‍ത്തനത്തിന്‌ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ഏറ്റവും പറ്റിയ രാഷ്ട്രീയ സാഹചര്യമുള്ള സ്ഥലമായിട്ടാണ്‌ കേരളത്തെ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.