സമുദ്രാതിര്‍ത്തി മനസിലാക്കാന്‍ ആധുനിക സംവിധാനം വേണം: ഗവര്‍ണര്‍

Monday 10 July 2017 10:43 pm IST

തിരുവനന്തപുരം: മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സമുദ്രാതിര്‍ത്തി മനസ്സിലാക്കുന്നതിന് ആധുനിക സംവിധാനം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ദേശീയ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യോത്സവവും മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ സര്‍ക്കാരില്‍ കോടിക്കണക്കിന് രൂപയാണ് പിഴ ഒടുക്കേണ്ടിവന്നത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രീനിഷ് വി.എസ് (സംസ്ഥാനതല മികച്ച ശുദ്ധജല മത്സ്യ കര്‍ഷകന്‍), സുദര്‍ശനന്‍ ആര്‍. (മികച്ച ചെമ്മീന്‍ കര്‍ഷകന്‍), ദേവിക കലാധരന്‍ (കരിമീന്‍ കര്‍ഷകന്‍), ഉദയ വനിതാ സ്വയം സഹായ സംഘം (കല്ലുമ്മക്കായ കര്‍ഷകന്‍), കെ.കെ. വര്‍ഗീസ് (മികച്ച അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍), സേനാപതി ഗ്രാമ പഞ്ചായത്ത് (മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം) എന്നിവര്‍ക്ക് സംസ്ഥാനതല അവാര്‍ഡുകള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. ടാഗോര്‍ അങ്കണത്തിലെ പ്രദര്‍ശന സ്റ്റാളുകളും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, അഡീഷണല്‍ ഡയറക്ടര്‍ കെ.എം. ലതി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.