ജിഎസ്ടിയുടെ മറവില്‍ വ്യാപക ചൂഷണം

Tuesday 11 July 2017 11:06 am IST

കൊല്ലം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ വ്യാപകമായി ചൂഷണം നടത്തുന്നതായി പരാതികള്‍. കച്ചവടക്കാരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന വിചിത്രമായ ന്യായമാണ് ഉന്നയിക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്നതോടെ കേരളത്തില്‍ 85 ശതമാനം സാധനങ്ങള്‍ക്കും വിലകുറയുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ജിഎസ്ടിയിലൂടെ കൈവരുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുകയാണെന്നാണ് ഉപ'ോക്തൃസമിതി പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫലത്തില്‍ മുമ്പുണ്ടായിരുന്ന നികുതിക്ക് പുറമേ ജിഎസ്ടിയും നല്‍കണമെന്ന ഗതികേടാണ് ഉപഭോക്താക്കള്‍ക്ക്. അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ല. ചരക്കുസേവനനികുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടുന്ന ആന്റി പ്രോഫിറ്റിയറിങ് കമ്മറ്റി ഇനിയും രൂപമായിട്ടില്ല. കേരളത്തിലെ മെല്ലെപ്പോക്ക് അനുസരിച്ച് അതിന് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമിതവില ഈടാക്കിയാല്‍ സെയില്‍ടാക്‌സ് കമ്മീഷണര്‍ക്ക് പരാതി നല്‍കാമെന്നാണ് കേരളസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. പരാതിയുമായി ചെല്ലുന്നവരെ പരിഗണിക്കാനുള്ള സംവിധാനം സംസ്ഥാനത്തെ സെയില്‍സ്ടാക്‌സ് ഓഫീസുകളിലില്ല. അതിനൊക്കെ പുറമേയാണ് ജിഎസ്ടിയുമായി പൊരുത്തപ്പെടുന്നതുവരെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യാപാരിസംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടത്താനിരുന്ന ഹര്‍ത്താലില്‍നിന്ന് വ്യാപാരികള്‍ പിന്മാറിയത്. ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമാന്തരസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു. മാവേലിസ്റ്റോര്‍, നീതിസ്റ്റോര്‍, റേഷന്‍കടകള്‍, നന്മ സ്റ്റോര്‍ എന്നിവിടങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കണം. ആവശ്യാനുസരണം മാവേലി ഹോട്ടലുകള്‍ തുടങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.