കവിത നിറയുന്ന രാധാമാനസം

Tuesday 11 July 2017 8:28 pm IST

പുരാണ പാരായണത്തില്‍ നിന്നും ഉള്‍ക്കൊണ്ട അറിവും ആവേശവും കാവ്യരചനയില്‍ മുതല്‍ക്കൂട്ടാക്കുകയാണ് രാധാ മോഹന്‍ദാസ്. നന്നേ ചെറുപ്പം മുതല്‍ ക്ഷേത്രങ്ങളില്‍ പുരാണ പാരായണം നടത്തി. പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള രാധാമണി ഇന്ന് ഏറെ ആഹ്ലാദത്തിലാണ്. ഇവരുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ കവിത സിബിഎസ്ഇ സിലബസില്‍ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ രാധാമണിയുടെ കവിതയുണ്ട്്. ഇപ്പോളെന്നുടെയമ്മ വരും, ഇഷ്ടംപോലെ പാലുതരും, ഇത്തിരി നേരം കളയാതെ, ഇരുന്നയിരിപ്പിലകത്താക്കും... ഇങ്ങനെയാണ് കവിതയുടെ തുടക്കം. 2010-2015 വരെ ആറാം ക്ലാസില്‍ 'ഭാഷാ കുസുമം' എന്ന പുസ്തകത്തില്‍ ഏഴാമത്തെ പാഠം 'ഒരു സുപ്രഭാതം പിറന്നത്' എന്ന കവിതയില്‍ ആത്മീയ ഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എഴുതിയ 'ഓംകാരമാം ശംഖുമൂതി പ്രപഞ്ചം പൊന്‍ പുലര്‍കാലമേ കണ്‍തുറക്കൂ'... എന്നു തുടങ്ങുന്ന വരികള്‍ ഏറെ ഹൃദ്യമെന്ന് വിദ്യാര്‍ത്ഥികളും ഭാഷാ വിദഗ്ധരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. തുടര്‍ന്ന് ഭക്തിയ്‌ക്കൊപ്പം മനുഷ്യനും, ജീവജാലങ്ങളും, പ്രകൃതിയുമൊക്കെ കവിതയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന അഭിപ്രായത്തെ മാനിച്ച് എഴുതിയ കുട്ടികവിതയില്‍ നിന്നുള്ളതാണ് 1-ാം ക്ലാസിലെ പാഠ്യപദ്ധതിയിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇങ്ങനെ എഴുതിയെഴുതി രാധാമണി ഇതിനോടകം 75 കവിതകള്‍, 165 കുട്ടിക്കവിതകള്‍, 45 ലളിതഗാനങ്ങള്‍, 106 ഭക്തി ഗാനങ്ങള്‍, 107 കീര്‍ത്തനങ്ങള്‍ കൂടാതെ 61 കവിതകള്‍ അടങ്ങിയ 'അമൃതബിന്ദുക്കള്‍' എന്ന കുട്ടിക്കവിതകളുടെ സമാഹാരം, 4 ചെറുപുസ്തകങ്ങളും, ചെറുകഥകള്‍, അനുഭവക്കുറിപ്പുകള്‍, നാടന്‍പാട്ടുകള്‍, തുള്ളല്‍ പാട്ടുകള്‍ എന്നിവയും ഇതില്‍പ്പെടും. പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുള്ളതും നിരവധിയാണ്. ജീവിതയാത്രയില്‍ കുടുംബത്തിലെ കഷ്ടതയും, ദാരിദ്ര്യവും വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുവാന്‍ രാധാമണിയ്ക്ക് കഴിഞ്ഞില്ല. മരപ്പണിക്കാരനായിരുന്ന പിതാവിന്റെ തുശ്ചവരുമാനത്തില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ 5-ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പിതാവ് ചൊല്ലിക്കൊടുത്ത കവിതകളും കഥകളുമായിരുന്നു കൂട്ടുകാര്‍. മരപ്പണിക്കാരനായ മോഹന്‍ദാസിന്റെ ജീവിതസഖിയായി രാധാമോഹന്‍ ദാസ് എന്ന പേര് സ്വീകരിച്ച രാധാമണി വിവാഹശേഷവും കാവ്യ - കഥാരചനയ്ക്ക് വിശ്രമം നല്‍കിയില്ല. ഭക്തിരസം നിറഞ്ഞ പാര്‍വ്വതീപാപം, ഭദ്രദീപം, രാമായണകീര്‍ത്തനം, ദേവീപ്രസാദം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയതില്‍ രാമായണ കീര്‍ത്തനം ആവശ്യക്കാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നിരവധി പതിപ്പ് ഇറക്കിക്കഴിഞ്ഞു. രാമായണമാസത്തില്‍ ത്രിസന്ധ്യകളെ ഭക്തിസാന്ദ്രമാക്കുവാന്‍ ഈ പുസ്തകം ഉപകരിക്കുമെന്നും ഇവര്‍ പറയുന്നു. കഥയും കവിതകളും എഴുതി അഭിനന്ദനങ്ങള്‍ ലഭിച്ചു എങ്കിലും ജീവിതത്തില്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് തന്റെ കവിത 1-ാം ക്ലാസ്സിലും, 6-ാം ക്ലാസ്സിലും പാഠ്യവിഷയമാക്കിയതാണ്. കഥ, കവിതാരചനകളില്‍ തനിക്ക് ഗുരുക്കന്മാര്‍ ഇല്ല. എന്നാല്‍ പാഠപുസ്തകത്തില്‍ തന്റെ കവിത പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത് മലയാളഭാഷാവിദഗ്ധനായ കോട്ടുക്കല്‍ തുളസി മുഖേനയാണ് എന്നും ഇവര്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. എന്നാല്‍ ഈ മേഖലയില്‍ മികവ് മാത്രം പോര. മുന്നോട്ടുള്ള യാത്രയില്‍ ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതിനാല്‍ പല കവിതകളും വെളിച്ചം കാണാതെ ഇരിക്കുന്നതായും രാധാമണി പറയുന്നു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച വകയിലും ഏറെ കടങ്ങള്‍ ബാക്കിയുണ്ട്. എസ്.ബി.ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രന്‍, സുജാത, ശരത്, ഡോ. ഭാവനാ രാധാകൃഷ്ണന്‍ എന്നിവര്‍ രാധാമണി രചിച്ച ഭക്തിഗാനങ്ങള്‍ പാടിയ കാസറ്റുകളും വിപണിയില്‍ ഉണ്ട്. ഇതിന് പുറമെ റേഡിയോയിലും ഇവരുടെ ഗാനം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സാക്ഷരതാ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചതിന് മികവിന്റെ പേരില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. മലപ്പുറം എടപ്പാളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'നവകം' മാസിക ഏര്‍പ്പെടുത്തിയ സംസ്ഥാനതല മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദശപുഷ്പങ്ങള്‍ എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇത് പ്രകാശനം ചെയ്തത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ്. രാധാമണിയുടെ പുസ്തകങ്ങള്‍ക്ക് എല്ലാം അവതാരിക എഴുതിയിട്ടുള്ളതും പ്രഗത്ഭരായ വ്യക്തികളാണ്. പുനലൂര്‍, എരിച്ചിക്കല്‍ ലാല്‍ ഭവനില്‍ ആണ് താമസ്സം. 1956-ല്‍ പി. ശിവരാമനാചാരിയുടെയും കെ.പൊന്നമ്മയുടേയും മകളായി ജനനം. മക്കള്‍: ജയന്തി, ജയലാല്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.