ഫാസ്റ്റാണ് ഫസീല

Tuesday 11 July 2017 8:38 pm IST

സ്ഥിരം ചെയ്യുന്ന യോഗ പോലെ മറ്റൊരു ഇഷ്ടമാണ് കോഴിക്കോട് നിന്ന് കൊച്ചിയില്‍ എത്തിയ ഫസീലയ്ക്ക് റേസിങ് ബൈക്ക് ഓടിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഫസീലയുടെ ബൈക്കുകളോടുള്ള ഇഷ്ടം മനസ്സിലാക്കാനായില്ല. ഫസീല പക്ഷേ സ്വപ്‌നം കണ്ടത് യാഥാര്‍ത്ഥ്യമാക്കി. എറണാകുളത്തെ കോഗ് റേസിങ് ടീമില്‍ ബൈക്ക് റാലി റൈഡറാണ് ഈ ഇരുപത്തിയാറുകാരി. കൊച്ചിയില്‍ ഫ്രീലാന്‍സ് ആയി യോഗ പരിശീലിപ്പിക്കുകയാണ് ഫസീല. വര്‍ഷങ്ങളായി ബൈക്ക് ഓടിക്കുന്നു. കഴിഞ്ഞവര്‍ഷം മഡ് റേസിങ്ങിന് ഒന്നിറങ്ങി നോക്കി. ആദ്യ മത്സരത്തില്‍ത്തന്നെ കപ്പടിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു. കൂട്ടിന് കോഗ് റേസിങ്ങിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനവും ആയപ്പോള്‍ മനസ്സ് റേസിങ്ങില്‍ ഉറപ്പിച്ചു. ഇന്ന് കേരളത്തിലെ അപൂര്‍വം മഡ് റേസിങ് റൈഡര്‍മാരില്‍ ഒരാളാണ് ഫസീല. കഴിഞ്ഞ ഒക്ടോബറില്‍ പ്രാദേശിക റാലികളില്‍ പങ്കെടുത്തതോടെയാണ് ഫസീലയിലെ റൈഡര്‍ ജനിക്കുന്നത്. പിന്നീട് കോഗ് റേസിങ്ങിന്റെ സഹായത്തോടെ മറ്റുപലയിടങ്ങളിലും റാലികളില്‍ പങ്കെടുത്തു. ബറോഡയിലും ഇന്‍ഡോറിലും നടന്ന എംആര്‍എഫ് നാഷണല്‍ റാലികളില്‍ പങ്കെടുത്ത് പോഡിയം ഫിനിഷും ചെയ്തു. കോഴിക്കോട്ടെ വളരെ യാഥാസ്ഥിക ചുറ്റുപാടുകള്‍ക്കിടയില്‍ നിന്നാണ് ഫസീല ബൈക്കിനെ പ്രണയിച്ചത്. സ്‌കൂള്‍കാലം മുതലെ ബൈക്കോടിക്കുന്നവരോട് ആരാധനയായിരുന്നു. ആണ്‍കുട്ടികളോടെല്ലാം ബൈക്ക് ഓടിക്കാന്‍ ചോദിക്കുമെങ്കിലും ആര്‍ക്കും ബൈക്ക് തരാന്‍ ധൈര്യമില്ലായിരുന്നുവെന്ന് ഫസീല പറയുന്നു. ബൈക്ക് ഓടിക്കരുത്, ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണിതെന്നൊക്കെയായിരുന്നു അക്കാലത്ത് കേട്ട മറുപടി. ''പ്ലസ് ടു എത്തിയപ്പോള്‍ അമ്മാവനാണ് ആദ്യമായി ബൈക്ക് ഓടിക്കാന്‍ തന്നത്. കുറച്ചു പ്രയാസപ്പെട്ടെങ്കിലും അന്ന് ബൈക്ക് ഓടിച്ചു. അതിന് ശേഷം ധൈര്യം വന്നു. എല്ലാ കൂട്ടുകാരോടും കെഞ്ചി ബൈക്ക് ഒപ്പിക്കും, ഫസീല പറഞ്ഞു.'' പഠനം കഴിഞ്ഞ് കൊച്ചിയില്‍ എത്തിയപ്പോള്‍ ടിവിഎസ്സിന്റെ ഒരു അപ്പാച്ചെ ബൈക്ക് വാങ്ങി. പിന്നീട് അതിലാണ് നഗരംചുറ്റല്‍. ബൈക്കിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് കോഗ് റേസിങ്ങിലുള്ളവരെ പരിചയപ്പെടുന്നത്. അവരുടെ പരിശീലനത്തിന് ഇടയില്‍ ആരോ ചോദിച്ചു ബൈക്ക് ഓടിക്കുന്നുണ്ടോ എന്ന്. ഒരു ആവേശത്തിന് കയറിപ്പറ്റി. മോശമില്ലാതെ ഓടിച്ചു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ കി റേസിലും പങ്കെടുത്തു. പരിചയമില്ലാത്ത ഹീറോ ഇംപള്‍സ് ബൈക്കില്‍ ഒന്നാം സ്ഥാനം നേടിയതോടെ ഇനിയും റാലികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ബൈക്ക് ഓടിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ ഒന്നുമില്ലെന്നാണ് ഫസീലയുടെ അഭിപ്രായം. കാറും സ്‌കൂട്ടറും ഓടിക്കുന്നില്ലേ, പിന്നെന്താണ് ബൈക്ക് ഓടിക്കാന്‍ തടസം. എല്ലാവര്‍ക്കും ഓടിക്കാം, ഫസീല പറയുന്നു. തന്റെ പെണ്‍ സുഹൃത്തുക്കളോടും ഫസീല ഉപദേശിക്കുന്നത് ബൈക്ക് ഓടിക്കാനാണ്. തന്റെ ബൈക്ക് ഒരുമടിയുമില്ലാതെ എല്ലാവര്‍ക്കും കൊടുക്കുന്നുമുണ്ട്. എല്ലാവരും ഓടിക്കട്ടേ, അതല്ലേ വേണ്ടത്. ഫസീല നിലപാട് വ്യക്തമാക്കുന്നു.