ദര്‍ഭകൊണ്ട് ശാപമോക്ഷം നല്‍കിയ വായുപുത്രന്‍

Tuesday 11 July 2017 9:24 pm IST

സകലവിധ യുദ്ധമുറകളും തത്ത്വശാസ്ത്രങ്ങളും കലകളും അഭ്യസിച്ചു കഴിഞ്ഞ ഹനുമാന് കാനനവാസം മടുത്തു തുടങ്ങി. അദ്ദേഹം പിതാവായ വായുഭഗവാനെ ദര്‍ശിച്ച് വണങ്ങി ലോക സഞ്ചാരം നടത്താന്‍ അനുവാദം തേടി. പുത്രന്റെ ആഗ്രഹമറിഞ്ഞ പിതാവ് ഹനുമാനെ ആശിര്‍വദിച്ച് അനുവാദം നല്‍കി. കൂടെ ഒരുപദേശവും. യാത്രക്കിടയില്‍ മറ്റെന്തെങ്കിലും വിദ്യകള്‍ അഭ്യസിക്കുവാനുണ്ടെങ്കില്‍ അതുപൂര്‍ത്തീകരിക്കുക. ലോക സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് കിഷ്‌കിന്ധയില്‍ പ്രവേശിച്ച് അവിടെ ഭരണം നടത്തുന്ന അതിശക്തനായ ബാലിയുടെ അനുജന്‍ സുഗ്രീവനുമായി സൗഹൃദ ബന്ധം ഉറപ്പിക്കുക. പിതാവിന്റെ ആജ്ഞ ശിരസാവഹിച്ച് വനത്തിലെ മൃഗങ്ങളോടും പക്ഷികളോടും പുഴുക്കളോടും യാത്ര പറഞ്ഞ് ഹനുമാന്‍ യാത്ര ആരംഭിച്ചു. കാതങ്ങള്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിശപ്പും ദാഹവും അനുഭവപ്പെട്ടു. ഒരു കാട്ടരുവിയിലെ ജലം കുടിച്ച് ദാഹശമനം നടത്താമെന്നു കരുതിയ ഹനുമാന്‍ കൈക്കുമ്പിളില്‍ ജലം നിറച്ച് മുഖത്തേക്കടുപ്പിച്ചതും എട്ടുദിക്കും പൊട്ടുമാറ് ഒരലര്‍ച്ചയോടെയുള്ള ആ വാക്കുകള്‍ 'ഹനുമാന്‍ ശ്രവിച്ചു എന്റെ അനുവാദമില്ലാതെ ആ ജലം കുടിക്കരുത്. ചുറ്റും നോക്കിയ ഹനുമാന് നിരാശയായിരുന്നു ഫലം. പക്ഷെ ഹനുമാന്‍ പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. ഒളിച്ചിരുന്ന് കല്‍പ്പന പുറപ്പെടുവിക്കുന്ന ഭീരു ധൈര്യമുണ്ടെങ്കില്‍ നേരില്‍ വരൂ എന്നാജ്ഞാപിച്ച് ധൈര്യപൂര്‍വ്വം നിന്നു. അപ്പോള്‍ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചുകൊണ്ട് .അട്ടഹാസത്തോടെ ഒരു ഘോര രുപം പ്രത്യക്ഷമായി. രാക്ഷസന്റെ വരവില്‍ത്തന്നെ ചെറു വൃക്ഷങ്ങള്‍ കടപുഴകി വീണു. പക്ഷിമൃഗാദികള്‍ ജീവനും കൊണ്ടു പാഞ്ഞു. തോളറ്റം വരെ ജട പിടിച്ചു കിടന്ന രാക്ഷസന്റെ മുടിക്കെട്ടില്‍ ധാരാളം പക്ഷികള്‍ കൂടുവച്ചിരിക്കുന്നു. വികൃത ഗാത്രം. കൈകളില്‍ കൂര്‍ത്തു വളഞ്ഞ നഖങ്ങള്‍ അതില്‍ പച്ച മാംസം പറ്റിപ്പിടിച്ചിരിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധവും. ഇത്രയും കണ്ട ഹനുമാന്‍ അറപ്പോടും വെറുപ്പോടും കൂടി ചോദിച്ചു ആരാണു നീ? ആ ചോദ്യം രാക്ഷസനു തീരെ രസിച്ചില്ല. എന്റെ വനത്തില്‍ പ്രവേശിച്ച് എന്നെ ചോദ്യം ചെയ്യുന്നോ എന്നു പറഞ്ഞു കൊണ്ട് ഹനുമാന്റെ നേരെ ചീറിയടുത്തു. പിന്നീട് അവിടെ നടന്നത് ഒരു ഘോരയുദ്ധം തന്നെയായിരുന്നു. തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധം നാഴികകളോളം നീണ്ടുനിന്നു. ഹനുമാന് മനസ്സിലായി ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താല്‍ മാത്രമേ രാക്ഷസനെ നിഗ്രഹിക്കാന്‍ കഴിയൂ. പക്ഷെ പരമേശ്വരനെ ധ്യാനിക്കാന്‍ ഒരു ഞൊടി പോലും ലഭിക്കുന്നില്ല. അവസാനം സര്‍വ്വ ശക്തിയുമെടുത്ത് രാക്ഷസനെ ചുഴറ്റിയെറിഞ്ഞ് ഒരു നിമിഷത്തേക്ക് ഹനുമാന്‍ ശ്രീ പരമേശ്വരനെ ധ്യാനിച്ചു. പിന്നെ മന്ദസ്മിതത്തോടെ പഞ്ചാക്ഷരീ മന്ത്രമുരുവിട്ട് ഒരു ദര്‍ഭ പറിച്ചെടുത്ത് പാശുപതാസ്ത്രമാണെന്ന് സങ്കല്‍പ്പിച്ച് അലര്‍ച്ചയോടെ അടുത്ത രാക്ഷസനു നേരെ പ്രയോഗിച്ചു. ഒരു പര്‍വ്വതം പോലെ നിലംപതിച്ച രാക്ഷസന്റെ ശരീരത്തില്‍ നിന്നും ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഹനുമാന്‍ അത്ഭുതസ്തബ്ധനായി നോക്കിനില്‍ക്കെ ആ വെളിച്ചം മഹാതേജസ്വിയായ ഒരു ദേവകുമാരനായി മാറി. അദ്ദേഹം ഹനുമാനെ വന്ദിച്ചു കൊണ്ടു പറഞ്ഞു. വീര ഹനുമാനെ അങ്ങയുടെ ശക്തിയാല്‍ എനിക്ക് ശാപമോക്ഷം ലഭിച്ചിരിക്കുന്നു. ഗന്ധര്‍വ്വ കുമാരനായ ഞാന്‍ പ്രായചാപല്യത്താല്‍ ഒരു ശ്രേഷ്ഠമുനിയുടെ പുത്രിയെ അപമാനപ്പെടുത്താന്‍ ശ്രമിച്ച് മുനിശാപത്താല്‍ രാക്ഷസനായിത്തീര്‍ന്നു. ക്ഷമ യാചിച്ചപ്പോള്‍ ശിവാംശജനായ ഒരു വീരന്‍ ദര്‍ഭ പ്രയോഗിക്കുന്ന അവസരത്തിന്‍ ശാപമോക്ഷം ലഭിക്കും എന്ന് അരുളിചെയ്തു. വീരഹനുമാനേ അങ്ങയെ മൂന്നു ലോകങ്ങളും എന്നും പ്രശംസിക്കുമാറാകട്ടെ എന്ന് അനുഗ്രഹിച്ച് ഗന്ധര്‍വ്വ കുമാരന്‍ യാത്രയായി. ശ്രീ ഹനുമാന്‍ ശ്രീ പരമേശ്വരനെ ധ്യാനിച്ച് വണങ്ങി വിശപ്പും ദാഹവും തീര്‍ത്ത് യാത്ര തുടര്‍ന്നു. ഭീമ് രുപ് ധരി അസുര് സംഹാരേ രാമചന്ദ്ര് കെ കാജ് സംവാരെ അല്ലയോ ഹനുമാനെ ഉഗ്രരൂപിയായി അങ്ങ് 'യുദ്ധത്തില്‍ അനേകം രാക്ഷസന്മാരെ നിഗ്രഹിച്ചു. ലങ്കയില്‍ പ്രവേശിച്ച അങ്ങ് ശ്രീരാമ സന്ദേശം സീതാദേവിക്ക് കൈമാറി സീതാദേവിയുടെ ദു:ഖമകറ്റാനും ശ്രമിച്ചു. ഈ രണ്ടു ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയ അങ്ങയുടെ ജനനം തന്നെ ശ്രീരാമന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടിയായിരുന്നു. ലായ് സജീവന് ലഖന്ജിയായേ ശ്രീരഘുബീര് ഹര്‍ഷി ഉര്‌ലായേ രാമ-രാവണയുദ്ധത്തില്‍ മേഘനാഥന്റെ ബാണമേറ്റ് അബോധാവസ്ഥയിലായ ലക്ഷ്മണന് പ്രാണന്‍ നല്‍കാന്‍ വൈദ്യന്‍ സുഷേണന്റ നിര്‍ദ്ദേശ പ്രകാരം ശ്രീ ഹനുമാന്‍ സഞ്ജീവനി ഔഷധം കൊണ്ടുവന്ന് നല്‍കുകയായിരുന്നു. അത് എത്തിക്കുവാന്‍ അദ്ദേഹം കുറച്ചൊന്നുമല്ല ക്ലേശങ്ങള്‍ സഹിച്ചത്. ഔഷധം ഏതെന്നറിയാതെ മരുത്വാമലയെ ത്തന്നെ അടര്‍ത്തിയെടുത്ത് കൊണ്ടുവരികയായിരുന്നു. ഇതില്‍ അതീവസന്തുഷ്ടനായ ശ്രീരാമന്‍ തന്റെ പ്രിയ ഭക്തനായ ഹനുമാനെ സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്യുന്നു. പരസ്പര സ്‌നേഹമാണ് ഈ വരികളില്‍ നിറഞ്ഞു കാണുന്നത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.