റോഡ് കുളമാക്കി പൈപ്പ് പൊട്ടല്‍

Tuesday 11 July 2017 9:58 pm IST

  തൊടുപുഴ: നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നതോടെ പ്രധാന റോഡുകള്‍ തകരുന്നു. കഴിഞ്ഞ ശനിയാഴ്ച കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന കാഞ്ഞിരമറ്റം കവല ചെളിക്കുളമായി. പുളിമൂട്ടില്‍ കവല - മങ്ങാട്ടുകവല റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയത് നന്നാക്കിയിട്ടും കുഴി ശരിയായി മൂടാത്തത് വാഹനയാത്രക്കാര്‍ക്ക് വിനയാകുന്നത്. സമീപത്തെ വ്യാപാരികളും, കാല്‍നടയാത്രക്കാരും ഇത് മൂലം ദുരിതം അനുഭവിക്കുകയാണ്. റോഡിന്റെ ഒരു വശത്ത് കൂടി വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകാത്ത വിധം വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ റോഡിന്റെ മധ്യത്തിലായി സിഗ്നല്‍ തൂണ് നില്‍ക്കുന്നതിനാല്‍ ചെറു വാഹനങ്ങള്‍ക്ക് ദിശമാറി യാത്ര ചെയ്യാനും ആകുന്നില്ല. ഈ കുഴിയിലൂടെ തന്നെ ചാടി യാത്ര തുടരേണ്ട ഗതികേടിലാണ് യാത്രക്കാര്‍. പണിയുടെ ഭാഗമാക്കി ഇളക്കിയ മണ്ണ് ശരിയായി മൂടാത്തതിനാല്‍ ഇളകി മാറി കിടക്കുകയാണ്. ഇതിന് മുകളില്‍ റോഡിന്റെ വശത്തിനോട് ചേര്‍ന്ന് വാഹനം കയറാതിരിക്കാന്‍ ഡിവൈഡര്‍ വച്ചിട്ടുണ്ട്. മഴ ശക്തമായിരിക്കുന്ന സമയത്ത് ഇത് അപകടത്തിന് വഴിവയ്ക്കുമെന്നും ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒരുമാസം മുമ്പ് സിവില്‍ സ്റ്റേഷന് മുന്നിലും പൈപ്പ് പൊട്ടിയിരുന്നു.റോഡ് ഗതാഗത യോഗ്യം ആക്കണമെന്ന ആവശ്യം ശക്തമാകുകയാണ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.