ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Wednesday 12 July 2017 8:19 am IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആലുവ സബ് ജയിലിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അങ്കമാലി കോടതി രാവിലെ പത്തുമണിയോടെ കേസില്‍ വാദം കേള്‍ക്കും. തനിക്കറിവില്ലാത്ത കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നും തെളിവുകള്‍ കൃത്രിമമാണെന്നുമായിരിക്കും ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുക. അതേസമയം തന്നെ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘവും ഇന്ന് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. ദിലീപിനെതിരേ പോലീസ് കൊണ്ടുവന്നിരിക്കുന്ന തെളിവുകള്‍ വ്യാജമെന്ന് സ്ഥാപിക്കാനായിരിക്കും ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറിന്റെ ശ്രമം. അതേസമയം പ്രതിക്ക് ജാമ്യം കിട്ടിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ നിഷേധിക്കണം എന്നായിരിക്കും പ്രോസിക്യൂഷന്‍ വാദിക്കുക. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ താരത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ബലാത്സംഗം ഉള്‍പ്പെടെ 19 കുറ്റങ്ങളാണ് ദിലീപിനെതിരേ ചുമത്തുക. കേസില്‍ നിലവില്‍ 11 ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം ചുമത്തുമ്‌ബോള്‍ കേസിലെ രണ്ടാം പ്രതിയായി മാറും. ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസും അപേക്ഷ സമര്‍പ്പിക്കും. കേസില്‍ ഏറെ നിര്‍ണ്ണായക തെളിവായി കരുതുന്ന മൊബൈല്‍ഫോണ്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും വേണ്ടതുണ്ട്. ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ഈ വിവരങ്ങള്‍ കിട്ടുമെന്ന് പോലീസും കരുതുന്നു. ഇന്നലെ രാവിലെ തന്നെ താരത്തെ ആലുവ സബ്ജയിലിലേക്ക് മാറ്റിയിരുന്നു. സുരക്ഷയെ കരുതി പ്രത്യേക സെല്ല് വേണമെന്ന താരത്തിന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി. തുടര്‍ന്ന് പിടിച്ചുപറിക്കാരും മോഷ്ടാക്കളുമായി മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം ആണ് താരത്തെയും ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.