കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ടു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യമാണ് പോലീസ് ആവശ്യപ്പെട്ടത്.
ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡി കാലാവധി കഴിയുന്നതിന്റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് കോടതിയില്‍ ദിലീപിനെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആലുവ സബ് ജയിലില്‍ നിന്നും കനത്ത സുരക്ഷയിലാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയിലേക്കു കയറിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ കൂവിവിളിച്ചു. നിരവധിപ്പേരാണ് ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് കോടതി വളപ്പില്‍ തടിച്ചു കൂടിയത്.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്നു തീരുമാനമെടുക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: