ന്യൂനപക്ഷ മതമൗലികവാദികളെ പ്രീണിപ്പിക്കുന്നത് ഇടതുപക്ഷം നയമാക്കി : സനല്‍ ഇടമറുക്

Wednesday 12 July 2017 5:14 pm IST

സനല്‍ ഇടമറുക്

ന്യൂദല്‍ഹി: ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ മതമൗലികവാദികളെ പ്രീണിപ്പിക്കുന്നത് ഇടത്പക്ഷം നയമാക്കിയെന്ന് യുക്തിവാദി സനല്‍ ഇടമറുക്. ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളില്‍ ശക്തമായ പ്രതികരണം നടത്തുന്ന ഇടതുപക്ഷം കത്തോലിക്കാ സഭയുടെ ഭീഷണി നേരിടുന്ന തന്റെ കാര്യത്തില്‍ മൗനം പുലര്‍ത്തുകയാണെന്നും ‘ഓര്‍ഗനൈസര്‍’ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സനല്‍ ഇടമറുക് പറഞ്ഞു. മുംബൈയിലെ കത്തോലിക്കാ പള്ളിയിലെ ദിവ്യാത്ഭുത തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നുള്ള ഭീഷണിയെ തുടര്‍ന്ന് 2012 മുതല്‍ സനല്‍ ഫിന്‍ലന്റില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്.

തങ്ങളുടെ വോട്ടുബാങ്കായി കരുതുന്ന ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ അസഹിഷ്ണുതക്കും തീവ്രവാദത്തിനുമെതിരെ പ്രതികരിക്കാന്‍ ഇടതുപക്ഷം മടിക്കുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി എന്നിവരെ എനിക്ക് നേരിട്ടറായം. യച്ചൂരി ജെഎന്‍യുവില്‍ എന്റെ ബാച്ച് മേറ്റാണ്. കേരളത്തിലെ നിരവധി സിപിഎം നേതാക്കളുമായും ബന്ധമുണ്ട്. എന്നിട്ടും ഇവരാരും എന്റെ പ്രശ്നത്തില്‍ ഇടപെടാത്തത് അത്ഭുതപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതാക്കളും വ്യത്യസ്തരല്ല. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ നിരവധി കേന്ദ്രമന്ത്രിമാരെ പരിചയുണ്ട്. മന്‍മോഹന് നേരിട്ടെഴുതി. ചില കേന്ദ്രമന്ത്രിമാര്‍ അവരുടെ നിസഹായത തുറന്നുപറഞ്ഞു. സോണിയയുമായി മുംബൈ ബിഷപ്പിന് അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു.

ഹിന്ദു സംഘടനകളുടെ സഹിഷ്ണുത അത്ഭുതപ്പെടുത്തി

വിമര്‍ശനങ്ങളോടുള്ള ഹിന്ദു സംഘടനകളുടെ സഹിഷ്ണുത തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തിലെ നിരവധി ആള്‍ ദൈവങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. ചുരുക്കം ചില അവസരങ്ങളില്‍ ഇത്തരത്തിലുള്ള ആള്‍ദൈവങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ഒരിക്കലും ഒരു ഹിന്ദു സംഘടനയുടെ ഭീഷണിയോ ആക്രമണമോ ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഉത്തര്‍ പ്രദേശില്‍ ഞാനും അഛനും പങ്കെടുത്ത യുക്തിവാദി സംഘടനയുടെ പരിപാടിക്ക് നേരെ ആക്രമണമുണ്ടായി. എന്റെ കാര്‍ തകര്‍ത്തു. യുപിയിലുള്ള ചില മലയാളികളായിരുന്നു ഇതിന് പിന്നില്‍. കുറച്ചു ദിവസത്തിന് ശേഷം കേരളത്തിലെ ചില ഹിന്ദു സംഘടനാ നേതാക്കള്‍ ദല്‍ഹിയിലെ ഓഫീസിലെത്തി ഇതില്‍ ദുഖവും പ്രതിഷേധവും അറിയിച്ചു.

വേദങ്ങളെയും ഭഗവത്ഗീതയെയും വിമര്‍ശിച്ച് ഞാനും അച്ഛനും നിരവധി പുസ്തകങ്ങളെഴുതിയിച്ചുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. ഞങ്ങളുടെ വിമര്‍ശനം ഏകപക്ഷീയമോ മുന്‍വിധിയോടെയോ ഉള്ളതല്ലെന്ന് ഹിന്ദു സംഘടനകള്‍ മനസിലാക്കിയിട്ടുണ്ടാകാം. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഞങ്ങള്‍ക്കെതിരെ വിദ്വേഷം പുലര്‍ത്തുന്നത് തിരിച്ചറിഞ്ഞപ്പോള്‍ ഹിന്ദു സംഘടനകളുടെ സഹിഷ്ണുത എന്നെ അത്ഭുതപ്പെടുത്തിയെന്നും സനല്‍ മറുക് പറയുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.