ഗുരുവായൂരില്‍ 'പ്രസാദ്' പദ്ധതിക്ക് ഇന്ന് തുടക്കം

Wednesday 12 July 2017 9:21 pm IST

ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ നഗരം പദ്ധതികളുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗുരുവായൂരില്‍ ഇന്ന് രാവിലെ 10.30 ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പ്രസാദ് പദ്ധതിയില്‍ 300 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഗുരുവായൂരിന് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടമായി കേന്ദ്രം 17 കോടി രൂപ അനുവദിക്കുകയും ഈ തുക നഗരസഭ കൈപറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് 14.86 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് പടിഞ്ഞാറു ഭാഗത്ത് 30 സെന്റ് സ്ഥലത്ത് 30,570 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നാലുനിലകളിലായി നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററും പടിഞ്ഞാറെ നടയില്‍ 29 സെന്റ് സ്ഥലത്ത് 3 നിലകളിലായി നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് അമിനിറ്റി സെന്ററുമാണ് ഈ കെട്ടിടങ്ങള്‍. രണ്ടു സെന്ററുകളിലും വിശ്രമകേന്ദ്രം, എ.ടി.എം.കൗണ്ടര്‍, വസ്ത്രം മാറ്റുന്നതിനുള്ള സൗകര്യം, ലഗ്ഗേജ് ക്ലോക്ക് റൂം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സ്വീകരണ കേന്ദ്രം എന്നിവയുണ്ടാകും. കിഴക്കേനടയിലെ സെന്ററില്‍ ഇവയ്ക്കു പുറമെ സോവനീര്‍ ഷോപ്പുമുണ്ടാകും. കണ്ണൂരിലെ സ്വകാര്യ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല .ഒരു വര്‍ഷമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് കരാര്‍ പ്രകാരമുള്ള കാലാവധി. അതേ സമയം സംസ്ഥാന സര്‍ക്കാരിന്റേയോ നഗരസഭയുടേയോ യാതൊരു സാമ്പത്തിക വിഹിതവുമില്ലാതെ സമ്പൂര്‍ണ്ണമായും കേന്ദ്രഫണ്ടുകൊണ്ട് നടപ്പാക്കുന്ന പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരേയോ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയോ ക്ഷണിക്കാതിരുന്നത് സംസാരവിഷയമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.