മിതാലി രാജ് ലോകത്തിന്റെ നെറുകയില്‍

Wednesday 12 July 2017 10:52 pm IST

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ചരിത്രം കുറിച്ചു. വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതി ഇനി മിതാലി രാജിന് സ്വന്തം. വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന ആദ്യവനിതാ താരമെന്ന റെക്കോര്‍ഡും (6028 റണ്‍സ് ) മിതാലിക്ക് സ്വന്തമായി.34 റണ്‍സ് നേടിയതോടെയാണ് മിഥാലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരിയായത്. ഇംഗ്ലണ്ടിന്റെ ചാര്‍ലറ്റ് എഡ്‌വേര്‍ഡിന്റെ 5992 റണ്‍സെന്ന റെക്കോര്‍ഡാണ് മറികടന്നത്. 183 മത്സരങ്ങളില്‍ 164-ാം ഇന്നിംഗ്‌സിലാണ് മിഥാലി ചരിത്രമെഴുതിയത്. 51.37 ശതമാനമാണ് മിതാലിയുടെ ബാറ്റിങ്ങ് ശരാശരി. ചാര്‍ലറ്റിന്റേത് 38.16 ഉം. ഇന്നലെ അര്‍ധ സെഞ്ചുറി കുറിച്ചാണ് (63) മിതാലി മടങ്ങിയത്. പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 18426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.44.83 ആണ് ബാറ്റിങ്ങ് ശരാശരി. ഈ വര്‍ഷം ഫെബ്രൂവരി മുതല്‍ നടന്ന മത്സരങ്ങളില്‍ മിതാലി തുടര്‍ച്ചയായി ഏഴു അര്‍ധ ശതകം കുറിച്ചു. ലോക കപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ഈ മുന്നേറ്റം അവസാനിച്ചത്. ടാന്റണില്‍ വീന്‍ഡിസിനെതിരെ 46 റണ്‍സിന് പുറത്തായി. 1999 അരങ്ങേറ്റം കുറിച്ചതു മുതല്‍ ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട കളിക്കാരികളില്‍ ഒരാളാണ് മിതാലി. ഏകദിനത്തില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയിക്കുണ്ട്. സെഞ്ചുറി കുറിച്ച ഇന്നിംഗ്‌സുകളില്‍ പുറത്താകാതെ നിന്നു. 53 അര്‍ധ സെഞ്ചുറികളും കുറിച്ചു. അരങ്ങേറ്റ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ സെഞ്ചുറി നേടി. അന്ന് 114 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.