പാലാരിവട്ടം-മഹാരാജാസ് കോളേജ് മെട്രോ പരീക്ഷണ ഓട്ടം നാളെ തുടങ്ങും

Wednesday 12 July 2017 11:03 pm IST

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ മെട്രോ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും. പരീക്ഷണ ഓട്ടം നാളെ മുതല്‍. പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ ആറു സ്‌റ്റേഷനുകളില്‍ക്കൂടി പുതുതായി ട്രെയിന്‍ എത്തും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നത്. 13 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു സര്‍വീസ്. മഹാരാജാസ് കോളേജ് വരെ ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ ദൂരം 18.5 കിലോമീറ്ററായി ഉയരും. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 25.6 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട മെട്രോ റെയില്‍. ആകെ 22 സ്‌റ്റേഷനുകളാണുള്ളത്. പുതുതായി ആറു സ്‌റ്റേഷനുകളില്‍ക്കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ എത്തുന്ന സ്‌റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ആദ്യം ട്രെയിന്‍ എത്തിയത്. ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനംനിര്‍വഹിച്ചത്. ആദ്യ നാളുകളില്‍ മെട്രോയില്‍ ആളുകുറവായിരുന്നെങ്കിലും അവധി ദിവസങ്ങളിലെ റെക്കോര്‍ഡ് കളക്ഷനാണ് മെട്രോയെ പിടിച്ചു നിര്‍ത്തിയത്. പാലാരിവട്ടത്ത് ആദ്യഘട്ടം അവസാനിപ്പിച്ചതാണ് ആളുകള്‍ കുറയാനിടയായതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് മഹാരാജാസ് കോളേജ് വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയത്. മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീളുന്നതോടെ കൂടുതല്‍ ആളുകളെത്തുമെന്നാണ് പ്രതീക്ഷ. അതേമസയം, മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല. ടെന്‍ഡര്‍ ഉടന്‍ ഉറപ്പിച്ചാല്‍ രണ്ടരവര്‍ഷത്തിനകം ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഒന്‍പത് ട്രെയിനുകളാണ് സര്‍വീസിനുള്ളത്. ദൂരം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ട്രെയിനുകളെത്തും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.