വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

Thursday 13 July 2017 10:51 pm IST

ഈരാറ്റുപേട്ട: മൂന്നിലവ് ഇല്ലിക്കല്ലിന് സമീപം കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഇന്നലെ രാവിലെ 9 മണിയോടു കൂടിയാണ് അപകടമുണ്ടായത്. തണ്ണീര്‍മുക്കം സ്വദേശികളായ ഇരുവുകാരിപ്പറ ശ്യാം അശോക് (23), തോമ്പോഴയില്‍ റോജിന്‍ ജോബി (22) എന്നിവരാണ് മരിച്ചത്. ശ്യാമും റോജിനും സുഹൃത്ത് വിന്‍സെന്റിനോടൊപ്പം ഇല്ലിക്കല്‍ കല്ല് കണ്ട് മടങ്ങവേ കട്ടിക്കയത്ത് കുളിക്കാനായി ഇറങ്ങുകയായിരുന്നു. ആദ്യം വെള്ളത്തിലേയ്ക്ക് ഇറങ്ങിയ ശ്യാം മണലില്‍ തെന്നി അരുവിയിലെ കയത്തില്‍ മുങ്ങി. ശ്യാമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റോജിനും കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കരയ്ക്കുണ്ടായിരുന്ന സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ ഇരുവരും കയത്തില്‍പ്പെട്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ അരുവിയിലിറങ്ങിയാണ് മൃതദേഹം കരക്കെടുത്തത്. പൊലീസെത്തി ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് ഇവര്‍ വീട്ടില്‍ നിന്ന് യാത്രതിരിച്ചത്. രണ്ട് ബൈക്കുകളിലായിരുന്നു യാത്ര. ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ പോമ്പോഴി ജോബി റോസമ്മ ദമ്പതികളുടെ മകനാണ് റോജിന്‍ ജോബി. തണ്ണീര്‍മുക്കം ഇരുവുകരിത്തറ വീട്ടില്‍ അശോകന്‍ ഷീബ ദമ്പതികളുടെ മകനാണ് ശ്യാം അശോകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.