കുന്നുക്കുരുടിയില്‍ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി

Saturday 28 July 2012 11:07 pm IST

മൂവാറ്റുപുഴ: രാവിലെ 10മണിയോടെ മണ്ണൂര്‍ നെല്ലാട്‌ റോഡില്‍ കുന്നുക്കുരുടിയില്‍ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പല്ലാരിമംഗലം മോളെയില്‍ നസീറിന്റെ കാര്‍ത്തികേയന്‍ എന്ന ആനയാണ്‌ റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ ഇടഞ്ഞത്‌. പാപ്പാന്‍മാര്‍ നിയന്ത്രിക്കുവാന്‍ ശ്രമിച്ചുവെങ്കിലും അനുസരിക്കാതെ റോഡില്‍ തന്നെ കുറച്ച്‌ സമയം പരാക്രമം കാട്ടിയ ശേഷം തൊട്ടടുത്ത പറമ്പിലേക്ക്‌ കയറി. വിവരമറിഞ്ഞ്‌ പട്ടിമറ്റം പോലീസ്‌ സ്റ്റേഷനില്‍ നിന്നും പോലീസുമെത്തിയിരുന്നു. പാപ്പാന്‍മാരെ അടുത്തേക്ക്‌ അടുപ്പിക്കാതെ നിലകൊണ്ട കാര്‍ത്തികേയനെ മെരുക്കാന്‍ പഴവും പനംപട്ടയും നല്‍കി. ജനങ്ങള്‍ കൂട്ടം കൂടി ബഹളം വയ്ക്കുകയും ഓടുകയും ചെയ്തതോടെ ആന വീണ്ടും വികൃതി കാട്ടി. തുടര്‍ന്ന്‌ പഴക്കുലകള്‍ നല്‍കി ആനയുടെ ശ്രദ്ധതിരിച്ചതിന്‌ ശേഷം ഇടചങ്ങലയില്‍ വടം കെട്ടി അടുത്തുള്ള മരത്തില്‍ തളയ്ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ മാസം മുമ്പ്‌ വായ്ക്കര അമ്പലത്തിലെ ഉത്സവത്തിനിടെ തിടമ്പേറ്റിയിരുന്നവരെ പുറത്തുനിന്നും ഇറക്കാതെ രണ്ട്‌ മണിക്കൂറോളം നേരം നിന്ന ആനയെ മയക്കുവെടി വച്ച്‌ തളയ്ക്കുകയായിരുന്നു. കോട്ടയംകാരുടെ ഉടമസ്ഥതയിലായിരുന്ന ആനയെ പൊതു നിരത്തിലൊ, ഉത്സവങ്ങള്‍ക്കൊ ഉപയോഗിക്കരുതെന്ന്‌ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.