സെന്‍കുമാറിനെ ആര്‍ക്കാണ് പേടി?

Thursday 13 July 2017 9:13 pm IST

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ കാര്യമെടുത്താല്‍ ഒരു സിനിമാക്കഥയിലേതുപോലുള്ള ആന്റി ക്ലൈമാക്‌സാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് വെറുതെ പറയുക മാത്രമല്ല, അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ഭാവനാവിലാസമനുസരിച്ച് രൂപംകൊണ്ട കുറ്റകൃത്യമാണിതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. നിയമസഭയില്‍ പ്രശ്‌നമുന്നയിച്ച പി.ടി. തോമസിന് പ്രതിഭാഗം വക്കീലിനെപ്പോലെയാണ് പിണറായി മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒട്ടും നിര്‍ദോഷമായിരുന്നില്ല. സംഭവം നടന്ന് ഒരാഴ്ച മാത്രം കഴിഞ്ഞപ്പോള്‍, അതില്‍ ഗൂഢാലോചനയില്ലെന്ന ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രാഥമിക ഘട്ടത്തിലായിരുന്ന കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളത് തന്നെയായിരുന്നു. ആജ്ഞാനുവര്‍ത്തികള്‍ മാത്രം പോലീസ് തലപ്പത്ത് ഉണ്ടായിരുന്ന സമയത്ത് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ മുഖ്യമന്ത്രിയുടെ ദുരുപദിഷ്ടമായ പ്രസ്താവന വേണ്ടുവോളമായിരുന്നു. ടിപി വധക്കേസില്‍ ഗൂഢാലോചനയില്ലെന്ന് തുടക്കംമുതല്‍ വാദിച്ചുപോന്നയാളാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി. കേസ് അട്ടിമറിക്കുന്നതിന്റെ സിപിഎം രീതിയാണിത്. മുഖ്യമന്ത്രിയായിട്ടും പിണറായിയുടെ സമീപനത്തില്‍ മാറ്റം വന്നിട്ടില്ല. കേസന്വേഷണത്തിന്റെയും വിചാരണയുടെയും ഘട്ടത്തില്‍ ആരോപണവിധേയരായവരെ കുറ്റവാളികളായി മുദ്രകുത്തുന്നതുപോലെ നിയമവിരുദ്ധമാണ് കുറ്റവിമുക്തരാക്കുന്നതും. ഇതാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ പ്രതിക്കൂട്ടിലായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ രാഷ്ട്രീയ പിന്‍ബലത്തിലാണ് ഇന്നസെന്റ് എംപിയും, എംഎല്‍എമാരായ മുകേഷും കെ.ബി. ഗണേഷ് കുമാറും ചാവേറുകളായി പ്രത്യക്ഷപ്പെട്ടത്. വിചിത്രമെന്നു പറയട്ടെ, കേസില്‍ ആരോപണ വിധേയരായവരുടെ പക്ഷത്ത് പാറപോലെ ഉറച്ചുനിന്ന ഇവരെയൊക്കെ വിട്ട് ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ച ടി.പി. സെന്‍കുമാറിനുമേല്‍ വന്യമായ പകയോടെ ചാടിവീഴുകയായിരുന്നു ചില ചാനല്‍ അവതാരകര്‍. നടി ആക്രമിക്കപ്പെട്ട് പത്ത് ദിവസം കഴിഞ്ഞ് ആലുവ പാലസില്‍ നടന്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചല്ല ഈ ചോദ്യം ചെയ്യലെന്നും, സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്താല്‍ ഫലപ്രദമാകില്ലെന്നും സെന്‍കുമാര്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചിലര്‍ വിവാദമാക്കിയപ്പോള്‍ താന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് സെന്‍കുമാര്‍ വിശദീകരിച്ചു. ഈ വിശദീകരണം കണ്ടില്ലെന്ന് നടിച്ച് സെന്‍കുമാറിനു നേരെയുള്ള കുതിരകേറല്‍ തുടര്‍ന്നു. ദിലീപ് അറസ്റ്റിലായതോടെ ഏഷ്യാനെറ്റിലെ വിനു വി. ജോണിനെപ്പോലുള്ളവര്‍ സെന്‍കുമാറിനെതിരെ യുദ്ധപ്രഖ്യാപനംതന്നെ നടത്തി. തീര്‍ത്തും അനാവശ്യമായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും നിഷ്പക്ഷതയും സംയമനവും യാതൊരു ലജ്ജയുമില്ലാതെ കയ്യൊഴിഞ്ഞ് കൊലവിളി നടത്തുകയായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മറ്റ് ചിലതായിരുന്നു. 'സമകാലിക മലയാളം' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള അനുഭവംവച്ച് ചില അപ്രിയ സത്യങ്ങള്‍ സെന്‍കുമാര്‍ തുറന്നുപറഞ്ഞു. സമാധാനാന്തരീക്ഷവും സമുദായ സൗഹാര്‍ദ്ദവും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ തീകോരിയിടുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് സെന്‍കുമാര്‍ സൂചിപ്പിച്ചത്. സെന്‍കുമാറിന്റെ വാക്കുകള്‍: ''മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍എസ്എസ് ഇല്ലേ എന്ന്. ഈ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായി പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്ലിം മതേതരമുഖം എന്ന് ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്... ഒരു മുസ്ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലിങ്ങളെ കൊന്നുതള്ളുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്. എനിക്ക് വാട്‌സാപ്പില്‍ കിട്ടിയ ഒരു ദൃശ്യമുണ്ട്. ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭയില്‍ വലിയ ചര്‍ച്ചനടക്കുകയാണ്. ഇറാന്‍, സിറിയ, ഈജിപ്റ്റ്, ലബനോന്‍, പാക്കിസ്ഥാന്‍ എന്നിവരൊക്കെയുണ്ട്. ഇസ്രായേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രായേലിന്റെ മറുപടി എന്താണെന്നോ. ഇസ്രായേലില്‍ ഒന്നര ദശലക്ഷം മുസ്ലിങ്ങളുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാവുന്നു. പക്ഷേ, ലിബിയയില്‍ എത്ര ജൂതന്മാരുണ്ട്? മുന്‍പ് ഇത്രയുണ്ടായിരുന്നു, ഇപ്പോഴെത്ര. സൗദിയില്‍, ഈജിപ്റ്റില്‍... നേരത്തെ എത്ര ജൂതന്മാരുണ്ടായിരുന്നു. ഇപ്പോഴെത്രയുണ്ട്. ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജിഹാദ് അങ്ങനെയല്ലെന്നും എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് ഒരുക്കിക്കൊടുക്കേണ്ടതെന്നും മനസ്സിലാക്കിക്കൊടുക്കണം. ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസ്സിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറെയാളുകള്‍ അതിനുവേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരിലുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെ ഉണ്ടാകും. പക്ഷേ എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നും താഴെത്തലങ്ങള്‍ മുതല്‍ പറഞ്ഞുപഠിപ്പിക്കണം. സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളൂ. മദ്രസയിലോ പള്ളിയിലോ പോയി പോലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ. അതുകൊണ്ട് മുസ്ലിം പുരോഹിതരും സമുദായത്തില്‍ സ്വാധീനമുള്ളവരും മനസ്സിലാക്കിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. എന്തുകൊണ്ടാണ് ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തില്‍ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.'' നൂറ് ശതമാനം സത്യവും, കപടമതേതരത്വത്തിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പേരില്‍ പലരും പറയാന്‍ മടിക്കുന്നതുമായ കാര്യമാണ് സെന്‍കുമാര്‍ നേരെചൊവ്വെ പറഞ്ഞത്. ''എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളില്‍ തൈലം പുരട്ടിയിട്ട് കാര്യമില്ല'' എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ലൗജിഹാദിന്റെ കാര്യമെടുക്കാം. ആരൊക്കെ എങ്ങനെയൊക്കെ നിഷേധിക്കാന്‍ ശ്രമിച്ചാലും 'ലൗ ജിഹാദ്' ഒരു യാഥാര്‍ത്ഥ്യമാണ്. ആയിരക്കണക്കിന് സംഭവങ്ങളും നൂറുകണക്കിന് പരാതികളും ഇതു സംബന്ധിച്ചിട്ടുണ്ട്. നിരവധി കേസുകള്‍ ഇപ്പോള്‍ കോടതികളുടെ പരിഗണനയിലാണ്. തിരുവനന്തപുരം പേരൂര്‍ക്കട, തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ 2009 ഡിസംബര്‍ ഒന്‍പതിന് പുറപ്പെടുവിച്ച വിധിന്യായം ലൗ ജിഹാദ് ഒരു കെട്ടുകഥയോ കുപ്രചാരണമോ അല്ലെന്ന വസ്തുതയിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ ഡിജിപി രണ്ട് സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് കോടതി ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്. ''ഒരു കണക്കനുസരിച്ച് കഴിഞ്ഞ നാല് കൊല്ലത്തിനിടെ 3000 മുതല്‍ 4000 വരെ പ്രണയത്തിലൂടെയുള്ള മതപരിവര്‍ത്തനങ്ങള്‍ നടന്നതായി മനസ്സിലാക്കാം. മറ്റൊരു കണക്കില്‍ 2800 പെണ്‍കുട്ടികള്‍ മതം മാറിയതായി പറയുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ മാത്രം 1600 മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലും പൂനെയിലും ബെംഗളൂരുവിലും ധാരാളം പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് ഈ രീതിയില്‍ മതംമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രേമ വിവാഹങ്ങള്‍ സമൂഹത്തില്‍ സംഘര്‍ഷത്തിന് കാരണമാവും എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണമെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. അവസാനത്തെ റിപ്പോര്‍ട്ടില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 1600 മതപരിവര്‍ത്തനങ്ങള്‍ നടന്നു എന്നു പറയുമ്പോഴും അവിടത്തെ ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ടില്‍ ഈ വിവരം കാണുന്നില്ല എന്നത് കൗതുകകരമാണ്. ജില്ലാ പോലീസ് സൂപ്രണ്ട് മതപരിവര്‍ത്തനങ്ങള്‍ ഇല്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില മേലധികാരികള്‍ അത് ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും കോടതിക്ക് അദ്ഭുതം ജനിപ്പിക്കുന്നു.'' ഡിജിപിയുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് കോടതി വിലയിരുത്തുന്നത് ഇങ്ങനെയാണ്: ''ഡിജിപിക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. പെണ്‍കുട്ടികളെ സ്വന്തം മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റാനുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ നിലവിലുണ്ട്. ഇതിന് ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടുള്ള ചില സംഘടനകളുടെ ആശിര്‍വാദമുണ്ട് എന്നതും വ്യക്തമാണ്. ഇത് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും ആശങ്കയുണ്ടാക്കേണ്ട കാര്യമാണ്. ജനങ്ങളുടെ മൗലികാവകാശവും പൗരാവകാശവും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഭരണഘടനയുടെ 25-ാം വകുപ്പ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള അനുവാദം ആര്‍ക്കും കൊടുക്കുന്നില്ല. 25-ാം അനുച്ഛേദത്തില്‍ നിര്‍ബന്ധത്തിന് യാതൊരു പ്രസക്തിയുമില്ല. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകാന്‍ പാടില്ല.'' ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് കോടതിപോലും അംഗീകരിച്ചിരിക്കെ, സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഒരാള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ ആക്ഷേപകരമായി ഒന്നുമില്ല. ലൗ ജിഹാദ് സ്ഥിരീകരിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കി ചില ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പലയിടങ്ങളിലും പോസ്റ്റര്‍ പതിക്കുകയുണ്ടായി. ലൗ ജിഹാദ് സ്ഥിരീകരിച്ച് പ്രണയവിവാഹത്തില്‍പ്പെട്ട് മതംമാറിയ അഖില എന്ന വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച വിധിക്കെതിരെയും ഹൈക്കോടതിയിലേക്ക് ചിലര്‍ അക്രമ സമരം നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സെന്‍കുമാറിനെതിരായ രോഷപ്രകടനവും. മതംതിരിച്ചുള്ള ജനസംഖ്യയുടെ കണക്കെടുപ്പ് ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ നടത്തുന്നതാണ്. ഇത് നിയമാധിഷ്ഠിതമായിരിക്കെ ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നിയമവിരുദ്ധമാകും? കേരളത്തിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ സെന്‍കുമാര്‍ ആവര്‍ത്തിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? 2011 ലെ സെന്‍സസ് അനുസരിച്ച് 54.75%, 26.6%, 18.4% എന്നിങ്ങനെയാണ് യഥാക്രമം ഹിന്ദു, മുസ്ലിം, ക്രൈസ്തവ ജനസംഖ്യ. 1951 ല്‍ ഇത് 61.5%, 17.5%, 20.9% എന്നിങ്ങനെയായിരുന്നു. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫ. കെ.സി. സക്കറിയ നടത്തിയ പഠനമനുസരിച്ച് 2051 ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 49.3 ശതമാനമായി ചുരുങ്ങും. മുസ്ലിങ്ങള്‍ 34.6 ശതമാനമായി വര്‍ധിക്കുകയും ക്രൈസ്തവര്‍ 16.1 ശതമാനമായി കുറയുകയും ചെയ്യും. 'പാഴ്‌സി സിന്‍ഡ്രോം' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വളരെയേറെ ആശങ്കാജനകമായ സ്ഥിതിവിശേഷമായിരിക്കും ഇത്. ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നോ? സെന്‍കുമാര്‍ പറഞ്ഞതിനോട് വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇതിന് പക്ഷേ, ആരും തയ്യാറല്ല. തങ്ങള്‍ക്ക് ഗുണകരമാകുന്നിടത്തോളം ഏത് തിന്മയ്ക്കും വളരാം. അത് ആരും ചോദ്യം ചെയ്യരുത്. അതിന് മുതിരുന്നവരെ വര്‍ഗീയവാദികളായി മുദ്രകുത്തും. കേരളത്തിനു പുറത്ത് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കേരളത്തില്‍ മാത്രം ചര്‍ച്ച ചെയ്യരുതെന്ന അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് നീങ്ങിയേ തീരൂ. ഇതിന് സത്യം പറയുന്ന സെന്‍കുമാറിനെ ആവശ്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.