പുതിയ ചരിത്രത്തിലേക്ക് സമ്പദ്‌രംഗം കുതിക്കുന്നു

Thursday 13 July 2017 9:27 pm IST

ചൈനീസ് സാമ്പത്തിക രംഗം പിന്നോട്ടുപോകുന്നതിനിടെ ഇന്ത്യയുടെ സമ്പദ്ഘടന അതിശക്തമായി വളരുന്നതായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാക്കുകള്‍ക്ക് ശക്തിപകരുന്നതാണ് റിപ്പോര്‍ട്ട്. ഓഹരിവിപണി ചരിത്രത്തിലാദ്യമായി ഇന്നലെ 32,000 കടന്നതും ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ ഉണര്‍വ്വിനെയാണ് കാണിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ പോലും ചരക്കുസേവന നികുതി നടപ്പാക്കിയ ഇന്ത്യന്‍ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടിവന്ന ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഏറ്റവും മികച്ച നികുതി പരിഷ്‌ക്കരണമായി ജിഎസ്ടിയെ വിശേഷിപ്പിക്കുകയും ചെയ്തു. 2025വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യയുടേത് ആയിരിക്കും എന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടിലുള്ളത്. 7.72 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ വരുംവര്‍ഷങ്ങളിലും നിലനില്‍ത്തും. ആഗോള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സമാനമായി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന മറ്റൊരു രാജ്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഉഗാണ്ടയാണ്. ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മികച്ച സാമ്പത്തിക മുന്നേറ്റങ്ങളാണ് നടത്തുന്നത്. ഓഹരി വിപണിയില്‍ വ്യാഴാഴ്ച ദൃശ്യമായ വലിയ മുന്നേറ്റം ഇന്ത്യയുടെ സമ്പദ്ഘടന സുശക്തമായി തുടരുകയാണെന്നതിന്റെ സൂചനയാണ്. ബിഎസ്ഇ സെന്‍സെക്‌സ് 232 പോയിന്റ് ഉയര്‍ന്ന് 32,037 ത്തിലെത്തിയാണ് ഇന്നലെ ക്ലോസ് ചെയ്തത്. എന്‍എസ്ഇ സൂചിക 75.60 പോയിന്റ് നേട്ടത്തോടെ 9,891.70ത്തിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായ നേട്ടത്തോടെയാണ് ഓഹരിവിപണികള്‍ മുന്നേറുന്നത്. വിപണിയില്‍ സമീപ കാലത്തൊന്നും ഇടിവ് ദൃശ്യമാകാത്തത് സമ്പദ് രംഗത്തിന്റെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. ആഭ്യന്തരവിപണിയിലും സമ്പദ് രംഗത്തിന്റെ കരുത്ത് പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും ഉണ്ടായ വലിയ കുറവ് ഇതിന്റെ ലക്ഷണമാണ്. തുടര്‍ച്ചയായ എട്ടുമാസങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിരിക്കുന്നു എന്നത് ചെറിയ നേട്ടമല്ല. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് 1.54 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലാണ് വിലക്കയറ്റ നിരക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. മെയ് മാസത്തില്‍ ഇത് 2.18 ശതമാനമായിരുന്നു. ഇതും റെക്കോര്‍ഡായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍ വിലക്കയറ്റത്തിന്റെ തോത് എത്തിയതെന്നതും ശ്രദ്ധേയമാണ്. ഭക്ഷ്യ, ഇന്ധനവിലകളിലെ കുറവാണ് നിരക്ക് കുറയാന്‍ കാരണമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറാകുമെന്നും സൂചനകളുണ്ട്. ജിഎസ്ടി നടപ്പായിത്തുടങ്ങിയതോടെ വരും മാസങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് ഇനിയും താഴേക്ക് എത്തും. സാധാരണക്കാരായ ജനങ്ങളുടെ മാസ ബജറ്റില്‍ വലിയ മിച്ചം ലഭിക്കുന്ന സാഹചര്യമാണ് ഇതെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നടത്തിയ പൊളിച്ചെഴുത്തുകളുടെ സദ്ഫലങ്ങള്‍ വരും നാളുകളില്‍ ദൃശ്യമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ഗുണഫലങ്ങള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ പുതിയ നികുതിപരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ കച്ചവടലോബി കിണഞ്ഞു ശ്രമിക്കുകയാണ്. ജിഎസ്ടി വന്നാലും വില അധികമൊന്നും കുറയാന്‍ പോകുന്നില്ലെന്ന് പ്രസ്താവനയിറക്കി കൊള്ളലാഭക്കാരായ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്തത്. കോഴി കിലോയ്ക്ക് 87 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും വ്യാപാരികള്‍ കൂട്ടാക്കുന്നില്ല. അവര്‍ 130 രൂപയിലേറെ വാങ്ങുകയാണ്. പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തോമസ് ഐസക്കിന് ജിഎസ്ടിയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ മാത്രമാണ് താല്‍പര്യം. ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ അദ്ദേഹത്തിന് വലിയ വേവലാതിയൊന്നുമില്ല. നോട്ടുനിരോധനത്തെ രാഷ്ട്രീയപ്രേരിതമായി എതിര്‍ക്കുകയാണ് മന്ത്രി ഐസക്ക് ചെയ്തത്. ജിഎസ്ടിയെ അനുകൂലിച്ച് അതിന്റെ പേരില്‍ ആളാവാന്‍ നോക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല പദ്ധതികളും കേരളം അട്ടിമറിക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുകയാണ്. ജനങ്ങള്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായാല്‍ നരേന്ദ്ര മോദിക്ക് പിന്തുണയേറുമെന്ന ഭയമാണ് സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിനുള്ളത്. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തെ സാമ്പത്തിക കുതിപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്മനസ്സ് ഇടതുസര്‍ക്കാര്‍ കാണിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.