കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലായ മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ മത്സരിക്കുന്ന വിദേശ താരങ്ങള്‍ കോടഞ്ചേരി പുലിക്കയത്ത് എത്തി പരിശീലനം തുടങ്ങി.
ന്യൂസിലാന്‍ഡ്, ജര്‍മനി, നേപ്പാള്‍, ഇറ്റലി, യു.എസ്.എ, ഡെന്മാര്ക്ക് താരങ്ങളാണ് കോടഞ്ചേരിയില്‍ പരിശീലനം തുടങ്ങിയത്. ഒപ്പം തദ്ദേശവാസികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.
11 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 20, 21, 22, 23 തീയതികളില്‍ കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്തുള്ളി എന്നിവിടങ്ങളിലായാണ് നടക്കുക.
തുഷാരഗിരിയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇരുവഞ്ഞിപ്പുഴയിലെ റാഫ്റ്റിംഗാണ് റിവര്‍ ഫെസ്റ്റിവലിലെ മുഖ്യആകര്‍ഷണം. ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം 21ന് നടക്കും. 9ന് കയാക്കിംഗ് താരങ്ങള്‍ക്ക് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. മൊത്തം അഞ്ച് ലക്ഷം രൂപയാണ് വിജയികള്‍ക്ക് പ്രൈസ് മണിയായി നല്‍കുക.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.
തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്, എം.ഐ. ഷാനവാസ് എംപി, എംഎല്‍മാരായ ജോര്‍ജ് എം. തോമസ്, എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ് കോയ, ഇ.കെ. വിജയന് എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കണ്‍വീനറായും ജില്ലാ കളക്ടര്‍ യു.വി. ജോസ് ജനറല്‍ കണ്‍വീനറായുമാണ് കമ്മിറ്റി. പ്രദേശിക കമ്മിറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: