പ്രതികളില്‍ ഒരാള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നു

Sunday 29 July 2012 12:09 am IST

ചെങ്ങന്നൂര്‍: എബിവിപി നഗര്‍സമതി പ്രസിഡന്റ്‌ വിശാലി (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ചില പ്രതികളെ രക്ഷപ്പെടുത്താന്‍ മുസ്ലീം ലീഗ്‌ വനിതാ നേതാവ്‌ ശ്രമം ആരംഭിച്ചു. ഗൂഢാലോചനയിലെ പ്രമുഖനും ആക്രമണത്തിന്റെ സൂത്രധാരനമായ പുന്തല സ്വദേശി ഷെമീറിനെയും മറ്റുചിലരെയും രക്ഷപ്പെടുത്താനാണ്‌ വനിതാ നേതാവ്‌ ശ്രമം ആരംഭിച്ചിരിക്കുന്നത്‌. ഷെമീറിന്റെ അടുത്ത ബന്ധുവാണ്‌ പന്തളം സ്വദേശിനിയായ നേതാവ്‌. സംഭവ ശേഷം ഷെമീര്‍ ഒളിവിലാണ്‌. എന്നാല്‍ ഇയാള്‍ ഇന്റര്‍വ്യൂവിന്‌ ചെന്നൈയില്‍ പോയിരിക്കുയാണെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. ഷെമീറും കേസിലെ ചില പ്രതികളും ലീഗ്‌ നേതാക്കളുടെ സംരക്ഷണയിലാണെന്നും സൂചനയുണ്ട്‌. വിശാലിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പന്തളം കടയ്ക്കാട്‌ സ്വദേശി നവാസാണ്‌ അടുത്ത മാസം 14ന്‌ വിദേശത്തുപോകാന്‍ തയ്യാറെടുക്കുന്നത്‌. ഇയാളും കടയ്ക്കാട്‌ സ്വദേശി ഷെഫീക്കും ഒരു ബൈക്കിലാണ്‌ കോളേജിലെത്തി ആക്രമണം നടത്തി മടങ്ങിയത്‌. ഇരുവരും കോളേജിലേക്കെത്തിയ ബൈക്ക്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിടികൂടാനായില്ല. എന്‍ഡിഎഫ്‌ ശക്തികേന്ദ്രത്തില്‍ ഇവര്‍ ഒളിവില്‍ കഴിയുകയാണെന്നും സൂചനയുണ്ട്‌. നവാസ്‌ വിദേശത്തേക്കു പോയതിനുശേഷം ഷെഫീക്ക്‌ കീഴടങ്ങാനാണ്‌ ഇപ്പോള്‍ നീക്കം നടക്കുന്നത്‌. വിശാലിനെ ഉള്‍പ്പെടെ മൂന്നുപേരെ കുത്തിയത്‌ ഷെഫീക്കാണെന്നും സൂചനയുണ്ട്‌. ഇതിനിടെ കേസില്‍ ഒളിവില്‍ കഴിയുന്നവരുടെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കാതിരിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദവും ആരംഭിച്ചിട്ടുണ്ട്‌. പന്തളത്തെ ലീഗിലെയും കോണ്‍ഗ്രസിലെയും ചില പ്രമുഖ നേതാക്കളാണ്‌ ഇതിന്‌ പിന്നില്‍. വിശാലുള്‍പ്പെടെയുള്ള എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്‌ കേസിലെ ഒന്നാം പ്രതി നാസിം, ആറാം പ്രതി ആസിഫ്‌ മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലെത്തിയ 14 അംഗ സംഘമാണ്‌. അടുത്ത ദിവസം തന്നെ പ്രതികളെ തിരിച്ചറിയുകയും പേരുവിവരങ്ങളും ഫോട്ടോയും പോലീസിന്‌ ലഭിക്കുകയും ചെയ്തു. കേസില്‍ നേരിട്ടു പ്രതിയായ നാലുപേര്‍ മാത്രമാണ്‌ പിടിയിലായത്‌. വിശാല്‍, ശ്രീജിത്ത്‌, വിഷ്ണുപ്രസാദ്‌ എന്നിവരെ കുത്തിയ ആള്‍ ഉള്‍പ്പെടെ 10 പേര്‍ ഇപ്പോഴും ഒളിവിലാണ്‌. ഇവരില്‍ ചിലര്‍ വിദേശത്തേക്കു കടക്കുവാനും ശ്രമം ആരംഭിച്ചിട്ടുണ്ട്‌. എന്നിട്ടും പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കാത്തത്‌ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ്‌ ആരോപണം. പിടിയിലാകാനുള്ള പ്രതികളുടെ പേരുവിവരങ്ങളോ ചിത്രങ്ങളോ വെളിയില്‍ വരരുതെന്ന്‌ കര്‍ശനമായ നിര്‍ദ്ദേശമാണ്‌ പോലീസിലെ ചില ഉന്നതര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.