പയ്യന്നൂരിലെ അക്രമബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണം: കുമ്മനം

Thursday 13 July 2017 8:10 pm IST

പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വീടുകള്‍ തകര്‍ത്തതുകൊണ്ട് രാഷ്ട്രീയമായ ഒരു മേല്‍ക്കൈയും സിപിഎമ്മിന് ഉണ്ടാകാന്‍ പോകുന്നില്ലെന്നും കുമ്മനം പറഞ്ഞു. പയ്യന്നൂരില്‍ തകര്‍ക്കപ്പെട്ട വീടുകളും കാര്യാലയങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരുടെയും നേതാക്കളുടെയുമൊക്കെ വീടുകളും കാര്യാലയങ്ങളും തകര്‍ക്കുന്നത് പുതിയ പ്രവണതയാണ്. ആശയപരമായി തകര്‍ന്നതിനു ശേഷമാണ് സിപിഎം ഈ പ്രവണത തുടങ്ങിയത്. അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍. ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങളാണ് പയ്യന്നൂരില്‍ അരങ്ങേറിയത്. അക്രമങ്ങളെല്ലാം ഒരേ രീതിയിലും സമയത്തും നടന്നു. വീട്ടുപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിപ്പിച്ച് ജീവിക്കാനാവാത്ത അവസ്ഥ ഉണ്ടാക്കുകയെന്ന മനപ്പൂര്‍വ്വമായ ഉദ്ദേശ്യമായിരുന്നു അക്രമങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നത്. ബോംബേറ് നടന്നുവെന്ന കാരണം പറഞ്ഞ് സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിട്ടു. പല അക്രമങ്ങളിലും പോലീസ് നിഷ്‌ക്രിയരായിരുന്നു. ഇതുവരെയും കേസെടുത്തിട്ടില്ല. തീകൊടുത്ത വീടുകള്‍ കത്തിയമരുമ്പോള്‍ എത്തിച്ചേര്‍ന്ന അഗ്‌നിശമനസേനാ വാഹനങ്ങളെ പോലും തടഞ്ഞുവയ്ക്കുകയും പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തത് മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നതിന് തെളിവാണ്. സിപിഎം സമാധാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തകര്‍ക്കപ്പെട്ട ആര്‍എസ്എസ്, ബിജെപി കാര്യാലയങ്ങളും ഇരുപതോളം പ്രവര്‍ത്തകരുടെ വീടുകളും കടകളും കുമ്മനം സന്ദര്‍ശിച്ചു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ബി.ജെ.പി സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.