നോക്കുകുത്തിയായി നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റ്‌

Friday 14 July 2017 11:23 am IST

നിലമ്പൂര്‍: പുതിയ കെട്ടിടത്തില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉടന്‍ തുറന്ന് പ്രവര്‍ത്തിയാരംഭിക്കുമെന്ന് നഗരസഭയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നു. എന്നാല്‍ മാര്‍ക്കറ്റിനായൊരുക്കിയ കെട്ടിടം ഇന്നും വെറും കാഴ്ച വസ്തു മാത്രം. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള 151.32 ലക്ഷം ചെലവഴിച്ചാണ് വീട്ടിക്കുത്ത് റോഡില്‍ നിലവിലെ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ആധുനിക മാര്‍ക്കറ്റിനുള്ള കെട്ടിടം നിര്‍മിച്ചത്. ആര്യാടന്‍ ഷൗക്കത്ത് നഗരസഭാ ചെയര്‍മാനായിരുന്ന കാലത്താണ് നിര്‍മാണം. കെട്ടിടനിര്‍മാണത്തിലെ അപാക അന്നുതന്നെ മാര്‍ക്കറ്റിലെ വില്‍പ്പനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യപാരത്തിനുതകുന്നതല്ല കെട്ടിടമെന്ന ആക്ഷേപത്തിനെതിരെ അന്നത്തെ ഭരണാധികാരികള്‍ കണ്ണടച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി 2015 ജൂലൈ 28ന് അന്നത്തെ ഫിഷറീസ് വകുപ്പുമന്ത്രി കെ.ബാബു കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊട്ടിഘോഷിച്ചു നടന്ന ഉദ്ഘാടനത്തിനിപ്പുറം തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. 2016 ജൂണ്‍ ഏഴിന് നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ ജീവനക്കാരും വ്യാപാരികളും കൗണ്‍സിലര്‍മാരും പങ്കെടുത്ത യോഗത്തില്‍ കച്ചവടക്കാരെ ആധുനിക മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ വീണ്ടും തീരുമാനമെടുത്തു. എന്നാല്‍ ഈ തീരുമാനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പഴയ സ്റ്റാളുകളില്‍ തന്നെ. ഇരു നിലകളിലായി 40 ഡിസ്‌പ്ലേ സ്റ്റാളുകള്‍, രണ്ട് മൊത്തവില്‍പന സ്റ്റാളുകള്‍, രണ്ട് ഉണക്ക മത്സ്യ വില്‍പന സ്റ്റാളുകള്‍, ഒരു ലേല ഹാള്‍ എന്നിവ അടങ്ങുന്നതാണ് മാര്‍ക്കറ്റ്. മലിനജലം സംസ്‌ക്കരിച്ച് ശുദ്ധീകരിക്കുന്ന ആധുനിക പ്ലാന്റും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പക്ഷേ കച്ചവടം നടത്താനാവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ വ്യാപാരികള്‍ക്ക് പുതിയ കെട്ടിടത്തിലേക്ക് വരാന്‍ താല്‍പര്യമില്ല. താഴത്തെ നിലയിലെ രണ്ട് റൂമുകള്‍ കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ ശീതികരിച്ച് സംരക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഇതും ഇന്ന് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സ്വന്തം പോക്കറ്റില്‍നിന്നും പണം ചിലവഴിച്ച് പഴയ സ്റ്റാളുകല്‍ പുതുക്കിപ്പണിതാണ് മത്സ്യമാംസ വ്യാപാരികള്‍ കച്ചവടം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.