ഭീമിന്റെ പുതിയ വരിക്കാര്‍ക്ക് പഠന വീഡിയോയുമായി എന്‍പിസിഐ

Friday 14 July 2017 7:03 pm IST

കൊച്ചി: നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് ഉപയോഗിക്കുന്ന പുതിയ ഉപഭോക്താക്കളെ ഇനി വരവേല്‍ക്കുന്നത് ഭീമിനെ കുറിച്ചുള്ള പഠന വീഡിയോകളായിരിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എങ്ങനെ തടസമില്ലാതെ പ്രവര്‍ത്തിക്കാമെന്നറിയാന്‍ bit.ly/2uIGgFJ എന്ന ലിങ്ക് ലഭിക്കും. ആപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാഥമിക പാഠങ്ങള്‍ പുതിയ വരിക്കാര്‍ക്ക് ഈ വീഡിയോയിലൂടെ ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം കാര്‍ഡ് പരിശോധിക്കല്‍, ഭീം ആപ്പ് പാസ്‌കോഡ് സൃഷ്ടിക്കല്‍, ബാങ്ക് തെരഞ്ഞെടുക്കുന്നത്, യുപിഐ പിന്‍ സൃഷ്ടിക്കുന്നത്, ഇടപാട് നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ലിങ്കില്‍ നിന്ന് മനസിലാക്കാം. കറന്‍സി ഉപയോഗിക്കുന്നതിന് പകരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഈ ശ്രമങ്ങളെന്നും കറന്‍സി രഹിത സമൂഹ സൃഷ്ടിക്കായി ശരിയായ ബോധവല്‍ക്കരണവും പഠനവും അനിവാര്യമാണെന്നും എന്‍പിസിഐ എംഡിയും സിഇഒയുമായ എ.പി.ഹോത്ത പറഞ്ഞു. റഫറല്‍ സ്‌കീമുകളും നിലവിലുണ്ട്. നിലവിലുള്ള ഭീം വരിക്കാര്‍ക്ക് പുതിയ ആളുകളെ ഭീം ആപ്പിലേക്ക് ആകര്‍ഷിക്കുന്നതിനായി അവരുടെ മൊബൈല്‍ നമ്പര്‍ റഫറല്‍ കോഡ് ആയി ചേര്‍ക്കാം. ചേര്‍ക്കുന്നയാള്‍ക്കും ചേരുന്നയാള്‍ക്കും ഇതിന്റെ ഗുണമുണ്ടാകും. നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യമായി 50 രൂപയുടെയെങ്കിലും ഇടപാടു നടത്തുമ്പോള്‍ ചേര്‍ക്കുന്നയാള്‍ക്ക് 10 രൂപയും ചേര്‍ന്നയാള്‍ക്ക് 25 രൂപയും തിരികെ ലഭിക്കും. ജൂണ്‍ 30വരെ 1.6 കോടി ഭീം ആപ്പ് ഡൗണ്‍ലോഡ് നടന്നിട്ടുണ്ട്. 52 ബാങ്കുകള്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുമായി സഹകരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.