ബസ് കാത്തിരിപ്പു കേന്ദ്രം ശോചനീയാവസ്ഥയില്‍

Friday 14 July 2017 10:02 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വകാര്യബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രം ശോചനീയാവസ്ഥയില്‍. ദിവസേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്‍ഡിലെ കാത്തിരുപ്പുകേന്ദ്രം കാടുകയറി വൃത്തിഹീനമായി മദ്യപാനികളുടെ താവളമാണ്. രാവിലെ മുതല്‍ വൈകിട്ടു വരെ മദ്യപാനികള്‍ ഇതിനുള്ളിലാണ് കിടന്നുറങ്ങുന്നത്. ചപ്പ് ചവറുകളും മദ്യകുപ്പികളടക്കമുള്ളവ കാത്തിരിപ്പ് കേന്ദ്രത്തില്‍ നിരന്ന് കിടക്കുകയാണ്. നിലവില്‍ കടകളുടെ വരാന്തകളിലാണ് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. യഥാസമയം അറ്റ കുറ്റപ്പണികള്‍ നടത്താത്തതിനാല്‍ നൂറുകണക്കിന് യാത്രക്കാരുടെ ഈ വിശ്രമ കേന്ദ്രം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുട്ടികളുമായി വരുന്ന യാത്രക്കാരായ വീട്ടമ്മമാരാണ് ഇത് മൂലം ദുരിതമനുഭവിക്കുന്നത്. പഠനമുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ മഴനനഞ്ഞാണ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത്. തിരക്ക് കൂടുന്ന സമയങ്ങളില്‍ ബസ് കയറിവരുന്ന ഭാഗത്ത് നില്‍ക്കുന്ന യാത്രക്കാരുടെ കൂട്ടം അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് 90 ലക്ഷം രൂപ അനുവദിച്ചെങ്കിലും മഴക്കാലം കഴിഞ്ഞ് പണി തുടങ്ങാമെന്ന തീരുമാനത്തിലാണ് അധികൃതര്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സജ്ജീകരണമുള്ള ബസ് കാത്തിരുപ്പു കേന്ദ്രം സ്റ്റാന്‍ഡിന്റെ ഒതുങ്ങിയ ഭാഗത്തായതാണ് ഉപയോഗ ശൂന്യമാകാന്‍ കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.