മലയാളത്തിന്റെ ബെസ്റ്റ് സെല്ലര്‍

Saturday 15 July 2017 5:35 pm IST

യുനസ്‌കോ ലോക വായന ദിനമാഘോഷിക്കാന്‍ തുടങ്ങും മുമ്പേ, കേരളത്തില്‍ വായന വാരം ആസൂത്രണം ചെയ്യും മുമ്പേ മലയാളം വായനക്ക് ഒരു മാസം നീക്കിവെച്ചു, കൃത്യമായി പറഞ്ഞാല്‍ ഒരു വ്യാഴവട്ടത്തിനു മുമ്പേ. 1994-ലാണ് ഷേക്‌സ്പിയറുടെ ജന്മദിനം ലോക വായനദിനമായി യുനസ്‌കോ ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഗ്രന്ഥശാലാ സംഘത്തിന് നേതൃത്വം നല്‍കിയ പി.എന്‍. പണിക്കരുടെ ചരമ ദിനം മുതല്‍ ഒരാഴ്ച വായനവാരം കേരളത്തില്‍ നിശ്ചയിച്ചത് 1995ല്‍. അതിനും പന്ത്രണ്ട് വര്‍ഷം മുമ്പേ വിശാല ഹിന്ദു സമ്മേളനം കേരളത്തില്‍ കര്‍ക്കടക മാസത്തെ രാമായണ പാരായണ മാസമായി മാറ്റാന്‍ ആഹ്വാനം ചെയ്തു. അന്നു മുതല്‍ ഒട്ടുമിക്ക ഭവനങ്ങളിലും കര്‍ക്കടകത്തിലെ സന്ധ്യാനേരം നിറഞ്ഞു കത്തുന്ന നിലവിളക്കുകളുടെ മുന്നില്‍, മലയാളത്തിന്റെ ആചാര്യതുല്യനായ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ ശീലുകള്‍ മുഴങ്ങി. ശാരികപ്പൈതലേ ചാരുശീലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ.... ഭക്തിയുടെ വഴിയില്‍ മാത്രമല്ല മലയാളത്തിന്റെ വായനാ സംസ്‌കാരത്തിലും ഈ രാമായണപാരായണം പുത്തന്‍ ചക്രവാളങ്ങള്‍ തുറന്നിട്ടു. എല്ലാ കര്‍ക്കടകത്തിലേയും പാരായണം സാഹിത്യത്തിന്റെ പുതിയ വഴികളിലേക്ക് തലമുറകളെ എത്തിച്ചു. ലോക സാഹിത്യത്തിലേക്കുള്ള വാതായനമായിരുന്നു പലര്‍ക്കും ഈ രാമായണ പാരായണം. ഇതിനുമപ്പുറത്ത് പ്രസിദ്ധീകരണ രംഗത്തും വിസ്മയമാണ് അദ്ധ്യാത്മ രാമായണം സൃഷ്ടിച്ചത്. അദ്ധ്യാത്മ രാമായണം കേരളത്തില്‍ ബെസ്റ്റ് സെല്ലറായി. ഭാഷാപിതാവ് എഴുത്തച്ഛന്‍ എക്കാലത്തേയും ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഗ്രന്ഥകാരനുമായി. അത് വേറിട്ടൊരു ചരിത്രമായി. അദ്ധ്യാത്മ രാമായണം ആദ്ധ്യാത്മിക ഗ്രന്ഥമായി പ്രകാശനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. വിദ്യാരംഭം (ആലപ്പുഴ), ശ്രീറാം വിലാസ് (കൊല്ലം), ശാന്താ ബുക്‌സ് (ഗുരുവായൂര്‍), ദേവി ബുക്‌സ് (കൊടുങ്ങല്ലൂര്‍) തുടങ്ങിയവയായിരുന്നു ആദ്യകാലത്തെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പ്രസാധകര്‍. നിലവില്‍ പതിനെട്ടു പ്രധാന പ്രസാധകര്‍ അദ്ധ്യാത്മ രാമായണം പ്രസിദ്ധീകരിക്കുന്നുണ്ട്. കുരുക്ഷേത്ര, ഡിസി ബുക്‌സ്, തുടങ്ങിയ പ്രമുഖ പുസ്തക പ്രസാധകരും മനോരമ, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളും ഇവരില്‍ ആദ്യ നാലു സ്ഥാനങ്ങളിലുണ്ട്. വാണിജ്യ താല്‍പര്യങ്ങള്‍ക്കപ്പുറം ധര്‍മ്മ-വിശ്വാസ പ്രചാരണ പരിപാടികള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന കുരുക്ഷേത്ര ബുക്‌സ് രാമായണാനുബന്ധിയായി 16 പുസ്തകങ്ങളും പാരമ്പര്യ ശൈലിയിലുള്ള രാമായണ പാരായണ സിഡിയും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാമായണസന്ദേശം പകര്‍ന്നുകൊടുക്കുകയാണ് അത്തരം പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യമെന്ന് കുരുക്ഷേത്ര ഡയറക്ടര്‍ ഇ. എന്‍. നന്ദകുമാര്‍ പറഞ്ഞു. ഇംഗ്ലീഷിലും രാമായണ വിഷയമായ പുസ്തകം ഇവര്‍ക്കുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം അരലക്ഷത്തിലേറെ അദ്ധ്യാത്മ രാമായണങ്ങള്‍ വിറ്റു പോകുന്നുണ്ട്. അതില്‍ നല്ലൊരു പങ്ക് ഡോ.വി.എസ്. ശര്‍മ്മയുടെ സംശോധനത്തില്‍ കുരുക്ഷേത്ര ഇറക്കാറുള്ള രാമായണത്തിനുണ്ട്. മറ്റു പ്രസാധകരും കൂടുതല്‍ വിറ്റഴിക്കുന്നത് ഇതാണ്. കാരണം വിശ്വാസ്യതതന്നെ. കൊച്ചി ആസ്ഥാനമായ ലക്ഷ്മീഭായ് ധര്‍മ്മ പ്രകാശന്‍ രാമായണം എല്ലാ വീട്ടിലും എന്ന ലക്ഷ്യം വെച്ച് നടത്തുന്ന അദ്ധ്യാത്മ രാമായണ വിതരണ പരിപാടി രണ്ടു വര്‍ഷമായി നടത്തുന്നു. അയ്യായിരത്തില്‍ പരം കോപ്പി വിറ്റുപോകുന്നുവെന്നാണ് കണക്ക്. ഡിസി ബുക്‌സ് രാമായണം പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. 1988 ജൂലൈ മാസത്തിലാണ് അദ്ധ്യാത്മരാമായണം ആദ്യമായി പ്രസിദ്ധീകരിച്ചത്. എം.എസ്. ചന്ദ്രശേഖര വാര്യരുടെ വ്യാഖ്യാനമായിരുന്നു ആദ്യത്തേത്. നാല്‍പ്പതോളം പതിപ്പുകളിലായി ഏതാണ്ട് രണ്ടുലക്ഷത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്. അഞ്ചോളം വ്യത്യസ്ത പതിപ്പുകള്‍ ഡിസിബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രായമുള്ളവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും വായിക്കാന്‍ ഉതകുന്ന തരത്തില്‍ വലിയ അക്ഷരത്തില്‍ പ്രിന്റുചെയ്ത രാമായണം 2017-ല്‍ പ്രസിദ്ധീകരിച്ചു. വരികള്‍ക്കിടയില്‍ നക്ഷത്ര ചിഹ്നങ്ങളോടുകൂടിയ രാമായണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രാമായണങ്ങളിലെല്ലാം ഉത്തരരാമായണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗായത്രി രാമായണം, ശ്രീനാമ രാമായണം, ശ്രീ സീതാരാമ സ്‌തോത്രം, ശ്രീരാമ ഭുജംഗപ്രയാത സ്‌തോത്രം എന്നീ അനുബന്ധങ്ങളോടുകൂടിയാണ് ഡിസിബുക്‌സ് രാമായണങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. 125 രൂപ മുതല്‍ 595 രൂപവരെ ഇവയ്ക്ക് വിലവരും. അക്കിത്തം അവതാരിക എഴുതി വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള അന്വയവും വ്യാഖ്യാനവും നടത്തിയ അദ്ധ്യാത്മ രാമായണമാണ് ഏറെ ശ്രദ്ധേയം. ഇതില്‍ ഒാരോ കാണ്ഡത്തിന്റെയും സംഗ്രഹം അതത് കാണ്ഡാരംഭത്തില്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പദം തിരിച്ചുള്ള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും നല്‍കുന്നു. അദ്ധ്യാത്മരാമായണത്തോടൊപ്പം വാല്മീകി രാമായണവും ഡിസിബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ വിവര്‍ത്തനത്തിന് രാമവര്‍മ്മ അപ്പന്‍ തമ്പുരാനാണ് അവതാരിക എഴുതിയത്. 2016-ല്‍ ആയിരുന്നു ഡിസി ബുക്‌സിന്റെ ആദ്യപതിപ്പ്. മൂലത്തിന്റ ഭാഷാവിവര്‍ത്തനമാണിത്. പിന്നീട് എം. ലീലാവതി വ്യാഖ്യാനത്തില്‍ മൂന്ന് വാള്യങ്ങളിലായി 2500 രൂപ വിലയുള്ള വാല്മീകി രാമായണവും പ്രസിദ്ധീകരിച്ചു. മൂലത്തിനൊപ്പം ഭാഷാവിവര്‍ത്തനവും എന്ന പ്രത്യേകതയും ഇതിനുണ്ട്. രാമായണ പ്രസിദ്ധീകരണത്തില്‍ എട്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് വിദ്യാരംഭം. 80 വര്‍ഷമായി മുടങ്ങാതെ രാമായണം പ്രസിദ്ധീകരിക്കുന്നുണ്ട്. ആദ്യകാലത്ത് മൂന്നുരൂപയായിരുന്നു രാമായണത്തിന് വിലയിട്ടിരുന്നത്. തുടക്കത്തില്‍ നാമമാത്ര വില്പനയേ ഉണ്ടായിരുന്നുള്ളു. അക്കാലത്ത് ശ്രീരാമ വിലാസത്തിന്റെയും, എസ്ടി റെഡ്യാരുടെയും രാമായണമായിരുന്നു വില്പനക്കുണ്ടായിരുന്നത്. പിന്നിട് അവര്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറി. പിന്നിട് രാമായണ വില്പനയില്‍ വിദ്യാരംഭം ആധിപത്യം പുലര്‍ത്തുകയായിരുന്നു. അന്ന് പതിനായിരക്കണക്കിന് കോപ്പികളാണ് വര്‍ഷംതോറും പ്രസിദ്ധീകരിച്ചത്. ഓഫ്‌സെറ്റ് പ്രിന്റിങ് ഇല്ലാതിരുന്ന അക്കാലത്താണ് വലിയ രീതിയില്‍ കോപ്പികള്‍ പ്രിന്റ് ചെയ്തിരുന്നത്. ചില വര്‍ഷങ്ങളില്‍ കോപ്പികള്‍ തികയാതെ വന്നിട്ടുണ്ട്. പുതുതലമുറയ്ക്ക് രാമായണത്തോടു താല്പര്യം ഏറിവരുന്നതായി വിദ്യാരംഭം ഉടമകളായ നാഗരാജനും, രാജേന്ദ്രനും പറയുന്നു. മുമ്പ് പ്രായമായവര്‍ക്ക് മാത്രമാണ് പുരാണങ്ങള്‍ എന്ന ചിന്ത നിലനിന്നിരുന്നത്. ഇന്ന് ഇത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് വില്പന വ്യക്തമാക്കുന്നത്. ഇത് ശുഭസൂചകമാണ്. പാരമ്പര്യവും അക്ഷരത്തെറ്റില്ലാത്ത രാമായണം എന്ന ഖ്യാതിയാണ് വില്പനയെ സഹായിക്കുന്നതെന്നും നാഗരാജന്‍ പറഞ്ഞു. ഇപ്പോഴത്തെ 29-ാമത് പതിപ്പിനു വില 250 രൂപയാണ്. കൈരളിയുടെ ആദ്യ സമ്പൂര്‍ണ രാമായണം കണ്ണശ്ശരാമായണ ശീലുകള്‍ മോക്ഷം പകരുന്ന പുണ്യം നുകരുകയാണ്. തിരുവല്ലയിലെ നിരണഗ്രാമവും ഇവിടെയുള്ള കണ്ണശ്ശ പറമ്പും. സാഹിത്യത്തിന്റെ പരിണാമ കാലഘട്ടങ്ങളില്‍ അടര്‍ത്തിമാറ്റാന്‍ കഴിയാത്തത്ര പ്രാധാന്യമുള്ള നിരണം കവികളുടെ പരമ്പരയിലെ രാമപ്പണിക്കരാണ് കണ്ണശ്ശരാമായണത്തിന്റെ കര്‍ത്താവ്. എഴുത്തച്ഛനും ഒരുനൂറ്റാണ്ട് മുമ്പായിരുന്നു കണ്ണശ്ശന്മാരുടെ കാലഘട്ടമെന്ന് കരുതുന്നു. നിരണത്ത് മാധവപ്പണിക്കര്‍, നിരണത്ത് ശങ്കരപ്പണിക്കര്‍ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ മുന്‍ഗാമികള്‍. മാധവപ്പണിക്കരുടെയും ശങ്കരപ്പണിക്കരുടെയും മൂന്നു സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് രാപ്പണിക്കരുടെ അമ്മ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവര്‍ നിരണംകുടുംബത്തിലെ നാലു പേരാണെന്നും അതല്ല മൂന്നുപേരേ ഉള്ളൂ എന്നുമുള്ള വാദപ്രതിവാദങ്ങളാല്‍ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികള്‍ മൂന്നുപേരാണെന്നും, അവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തില്‍ കവിതകള്‍ ഉള്‍പ്പെട്ടു എന്നതാണു ബന്ധമെന്നും ഗവേഷകര്‍ കണ്ടെത്തി. രാമായണം, മഹാഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. വാല്മീകീ രാമായണത്തിനെ അനുസരിച്ച് എഴുതിയ ഈ കൃതി മലയാളത്തില്‍ ചിട്ടപ്പെടുത്തുന്നതില്‍ നിരണം കവികള്‍ പ്രധാന പങ്കുവഹിച്ചു. അതുവരെ നിലനിന്നിരുന്ന ചില കവനരീതികളെ മറികടന്നു .1350നും 1450നും ഇടയ്ക്കാണ് ഇവര്‍ ജീവിച്ചിരുന്നത്. വാല്മീകി രാമായണത്തെ അവലംബമാക്കി രാമായണകഥ ശ്രവിക്കുന്നതിനും വായിക്കുന്നതിനും സാധാരണക്കാര്‍ക്കു വഴിയൊരുക്കിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തുടക്കത്തില്‍ കവി പറയുന്നുണ്ട്. ചൊല്ലേറിയ വാല്മീകി മഹാമുനി ചൊല്ലിയ രാമായണമിനിയേതും വല്ലാതെ ഞാനിന്നുരചെയ്വതു മനസിപൊറുക്ക മഹാജനമെല്ലാം! എന്നിങ്ങനെ രാമപ്പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാലഘട്ടത്തിന്റെ പ്രതിധ്വനി മലയാളഭാഷയില്‍ ആദ്യത്തെ സമ്പൂര്‍ണരാമായണമാണ് കണ്ണശ്ശരാമായണം. വാല്മീകി രാമായണത്തിന്റെ സംക്ഷിപ്തമാണിത്. മൗലികമായ ചിന്തയും ആവിഷ്‌കരണത്തിലെ വ്യത്യസ്തതയും കണ്ണശ്ശരാമായണത്തെ ശ്രദ്ധേയമാക്കി. എഴുത്തച്ഛന് പോലും ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ കണ്ണശ്ശരാമായണം പിന്‍തുടരേണ്ടിവന്നത് ഈ ഒരു സ്വീകാര്യതയെ അടിവരയിടുന്നു. ശ്രീരാമനിലെ ഈശ്വരാംശങ്ങള്‍ക്ക് അപ്പുറം അദ്ദേഹത്തിലെ വ്യക്തിത്വത്തെ പരിചയപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്കാണ് കണ്ണശ്ശരാമായണത്തില്‍ പ്രാധാന്യം. തന്റെ രാമായണ രചന ഊഴിയില്‍ ചെറിയവര്‍ക്ക് വേണ്ടിയാണെന്നും രാമപ്പണിക്കര്‍ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് സാധാരണക്കാരന് അപ്രാപ്യമായ ആത്മജ്ഞാനം നേടികൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തം. കാലഘട്ടം തീര്‍ത്ത വിശ്വാസ പ്രമാണങ്ങളുടെ സീമകള്‍ ലംഘിക്കാനും കണ്ണശ്ശ കവികള്‍ക്ക് മടിയുണ്ടിയിരുന്നില്ല. ഏഴ് കാണ്ഡങ്ങളാണ് കണ്ണശ്ശരാമായണത്തിനുള്ളത്. യുദ്ധകാണ്ഡത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഉപാസനാ ദേവനായ തൃക്കപാലേശ്വരം ദക്ഷിണാമൂര്‍ത്തിയുടെ തിരുനടയില്‍ ഇരുന്നാണ് രാമപ്പണിക്കര്‍ ഈ ഗ്രന്ഥം എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും കര്‍ക്കടകം ഒന്ന് മുതല്‍ ഇവിടെ പാരായണം ചെയ്യുന്നത് കണ്ണശ്ശരാമായണമാണ്. ഭാഷാപണ്ഡിതന്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സമ്പൂര്‍ണ കണ്ണശ്ശരാമയണം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എഴുത്തച്ഛന് വഴികാട്ടിയായ കവികള്‍ കണ്ണശ്ശരാമായണത്തിനും നിരണത്ത് രാമപ്പണിക്കര്‍ക്കും എഴുത്തച്ഛനു ലഭിച്ച അംഗീകാരത്തിന്റെയും പ്രചാരത്തിന്റെയും ഒരംശം പോലും അടുത്തകാലം വരെ കിട്ടിയില്ല എന്നതും യാഥാര്‍ത്ഥ്യം. എഴുത്തച്ഛന്‍ ഈ കൃതികള്‍ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകള്‍ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദര്‍ഭത്തില്‍ വില്ലുമുറിഞ്ഞ ഒച്ച 'നിര്‍ഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിര്‍ഘാതം' എന്നാല്‍ മേഘഗര്‍ജനമെന്നാണ് അര്‍ത്ഥം. ഈ ഭാഗം രാമപ്പണിക്കര്‍ ആവിഷ്‌കരിച്ചപ്പോള്‍ 'നരപാലകര്‍ ചിലരതിന് വിറച്ചാര്‍ നലമുടെ ജാനകി സന്തോഷിച്ചാള്‍ അരവാദികള്‍ ഭയമീടുമിടിധ്വനിയാല്‍ മയിലാനന്ദിപ്പതുപോലെ' എന്ന് പറഞ്ഞ് വെച്ചു. ഒരുനൂറ്റാണ്ട് പിന്നിട്ട് എഴുത്തച്ഛനിലേക്ക് വരുമ്പോള്‍ 'നടുങ്ങീരാജാക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാള്‍' എന്നും വര്‍ണിക്കുന്നു. ആവിഷ്‌കരണത്തിലെ ഈ ഏകതാനതയാണ് കണ്ണശ്ശന്മാര്‍ എഴുത്തച്ഛന് വഴികാട്ടിയായിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. ഭക്തിയുടെ വഴിയില്‍ മാത്രമല്ല മലയാളത്തിന്റെ വായനാ സംസ്‌കാരത്തിലും ഈ രാമായണപാരായണം പുത്തന്‍ ചക്രവാളങ്ങള്‍ തുറന്നിട്ടു. എല്ലാ കര്‍ക്കടകത്തിലേയും പാരായണം സാഹിത്യത്തിന്റെ പുതിയ വഴികളിലേക്ക് തലമുറകളെ എത്തിച്ചു.