കുറ്റാന്വേഷണ ലക്ഷണവുമായി മലയാള സിനിമ

Saturday 15 July 2017 5:55 pm IST

സിനിമാലോകം ആകെ സ്തംഭനാവസ്ഥയിലാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നു പറയുന്നു. ശരിയാകാതെ തരമില്ല. താരങ്ങളുടെമാത്രമല്ല സിനിമ. ആയിരങ്ങളുടെ അന്നമാണ്. പക്ഷേ അന്വേഷണപ്പേടിയിലാണ് പലരും. കാരണം ഇല്ലാതെയും ചിലര്‍ പേടിക്കുന്നു. കാരണം ഉണ്ടായിട്ടും പേടിക്കുന്നു. അന്വേഷണം കൂടുതല്‍പേരിലേക്കു നീങ്ങുമെന്ന് പോലീസ് പറയുന്നതാണ് ഈ പേടിപ്പനിക്കു കാരണം. സിനിമാരംഗം ഒന്നു കലങ്ങിത്തെളിയണം എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് സിനിമാക്കാര്‍ ഏറെയും പറയുന്നില്ല. അങ്ങനെ പറയണമെങ്കില്‍ ഇടവും വലവും ഒന്നു നോക്കേണ്ടി വരുന്ന അവസ്ഥ. പരസ്പരം പറയാനും നോക്കാനുംപോലും പേടി. എല്ലാവരേയും എല്ലാവരും സംശയിക്കുന്നു. സിനിമാലോകത്തിനു മുഴുവന്‍ ഒരുകുറ്റാന്വേഷണത്തിന്റെ ലക്ഷണം. ജീവിക്കാന്‍വേണ്ടിയാണ് സിനിമയില്‍ വന്നതെന്നു പലരും പറയുമെങ്കിലും അങ്ങനെയല്ല. വലിയപേരും പ്രശസ്തിയും പണവും ആഡംബരവും തന്നെയാണ് സിനിമയില്‍ എത്തിയ ആരുടേയും ലക്ഷ്യം. പിന്നെ വേണമെങ്കില്‍ കലയോടുള്ള സ്‌നേഹം എന്നൊക്കെ പറയുന്നവരും ഉണ്ടാകാം. അതൊക്കെ ചുമ്മാ. ഏറ്റവും നന്നായി,അന്തസോടെ ജീവിക്കാവുന്ന മേഖലയാണ് സിനിമ എന്നാണെങ്കില്‍ ശരിയാണ്. അങ്ങനെ ആയിരക്കണത്തിനു പേര്‍ ജീവിക്കുന്ന രംഗം തന്നെയാണ് സിനിമ. ഒരു ദിലീപ് അകത്താകുന്നതുകൊണ്ടോ, ഇനി ആരെങ്കിലും അകത്താകുന്നതു കൊണ്ടോ തീരുന്നതല്ല സിനിമയിലെ പ്രശ്‌നങ്ങള്‍. അസൂയയും കുശുമ്പും വെട്ടലും ഒതുക്കലും ചതിയും ഒക്കെത്തന്നെയാണ് സിനിമാലോകത്തിന്റെ ആന്തരിക സത്ത. അത് സിനിമ ഉള്ളിടത്തോളം നിലനില്‍ക്കും. സിനിമയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. പ്രശ്‌നങ്ങള്‍ ഇല്ലാതെ സിനിമാരംഗം നിലനില്‍ക്കില്ലെന്നര്‍ഥം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.