എല്ലായിടത്തും രാമായണം

Saturday 15 July 2017 6:01 pm IST

രാമായണത്തിന് പ്രചാരം ലഭിച്ചത് ഭാരതത്തില്‍ മാത്രമല്ല. ഉസ്ബക്കിസ്ഥാന്‍ മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലില്‍പരം ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണമുണ്ട്. അവിടങ്ങളിലെല്ലാം രാമായണത്തെ പുണ്യഗ്രന്ഥമായാണ് കരുതുന്നത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തില്‍പ്പെടും. മൂന്നിലും രാമകഥ ഒന്നുതന്നെയെങ്കിലും ശ്ലോകങ്ങള്‍ ഒരേതരത്തിലുള്ളതല്ല. അച്ചടി സൗകര്യമില്ലാതിരുന്ന കാലത്ത് രാമകഥ പ്രചരിച്ചത് പറഞ്ഞും പാടിയുമാണ്. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് രാമകഥ പരിചിതമായത് അങ്ങനെയാണ്. നമ്മുടെ നാടിനും കാലാവസ്ഥയ്ക്കുമൊക്കെ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടും രാമകഥയ്ക്കു മാത്രം മാറ്റം ബാധകമായില്ല. അന്നും ഇന്നും രാമായണം ഒരേ തരത്തില്‍ നിലനില്‍ക്കുന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലും രാമായണമുണ്ട്. ആദിരാമായണത്തിന്റെ വിവര്‍ത്തനങ്ങളും സ്വന്തമായി രചിച്ചവയുമെല്ലാം അതിലുണ്ട്. ജൈനരാമ കഥകളാണ് കന്നടഭാഷയില്‍ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതാണ് തമിഴിലെ കമ്പരാമായണം. കമ്പര്‍ എഴുതിയതാണിത്. കന്നടഭാഷയില്‍ ഏറ്റവും പ്രസിദ്ധമായത് തോരവേ രാമായണമാണ്. നരഹരിയാണിതിന്റെ രചയിതാവ്. കാശ്മീരി ഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന. ശ്രീലങ്കയിലെ സിംഹള ഭാഷയിലും രാമായണമുണ്ട്. ഇതില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്. ബാലി, സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. അസമീസ് ഭാഷയിലുള്ള മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ബംഗാളിയിലെ മികച്ച രാമായണം കൃത്തിവാസന്റേതാണ്. ഒറിയ ഭാഷയില്‍ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി. ഈ കൃതികളെല്ലാം വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി രചിച്ചവയാണ്. എല്ലാ ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങള്‍ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയേക്കാളും അവയെല്ലാം അതതു ഭാഷകളില്‍ മികച്ചവയായി നിലനില്‍ക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്ക്കുമനുസരിച്ച് കഥകളിലും സന്ദര്‍ഭത്തിലും ചില മാറ്റങ്ങള്‍ ഇവയിലെല്ലാം കാണാം. എന്നാല്‍ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കില്‍ കേള്‍വിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തില്‍ നിന്ന് ഇവയൊന്നും വ്യതിചലിക്കുന്നില്ല. ഭാരതത്തില്‍ ഒട്ടേറെ രാമായണങ്ങള്‍ എഴുതപ്പെട്ടെങ്കിലും ഏറ്റവും പ്രസിദ്ധി നേടിയത് അദ്ധ്യാത്മ രാമായണമാണ്. സംസ്‌കൃത ഭാഷയില്‍ എഴുതപ്പെട്ട ഈ സാഹിത്യകൃതി നമ്മുടെ നാട്ടില്‍ വിഷ്ണുഭക്തി പ്രചരിപ്പിക്കാന്‍ വളരെ സഹായകമായി. അദ്ധ്യാത്മ രാമായണത്തിനു ശേഷം എഴുതപ്പെട്ടതാണ് അത്ഭുതരാമായണം. വാല്മീകി രാമായണത്തില്‍ നിന്ന് ചില വ്യത്യാസങ്ങളിതിനുണ്ട്. സീത, രാവണന്റെ ഭാര്യ മണ്‌ഡോദരിയുടെ മകളായി പിറന്നെന്നാണ് ഇതില്‍ പറയുന്നത്. പിന്നീടുണ്ടായ ആനന്ദരാമായണത്തില്‍ രാവണനെ വധിക്കുന്നത് സീതയാണ്. ആനന്ദരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയെ അപഹരിച്ചത് മോക്ഷമാര്‍ഗ്ഗത്തിലെത്താന്‍ വേണ്ടിയായിരുന്നെന്നാണ്. സംസ്‌കൃത ഭാഷയിലെഴുതിയ മറ്റൊരു രാമായണമാണ് രാമബ്രഹ്മാനന്ദന്‍ എഴുതിയ തത്വസംഗ്രഹരാമായണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതിനൊപ്പം ശിവന്‍, ബ്രഹ്മാവ്, പരബ്രഹ്മം എന്നിവരുടെ അവതാരമാണെന്നും ഇതില്‍ വിവരിക്കുന്നു. യോഗവാസിഷ്ഠ രാമായണമെന്നൊരു രാമായണം കൂടിയുണ്ട്. ഇതിലും ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വസിഷ്ഠനും ശ്രീരാമനും തമ്മിലുള്ള സംഭാഷണമായിട്ടാണീ രാമായണത്തിന്റെ രചന. രാമായണത്തെ അധികരിച്ച് നിരവധി മറ്റു സംരംഭങ്ങള്‍ എല്ലാ നാടുകളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. നാടകങ്ങള്‍, ആട്ടക്കഥകള്‍, സിനിമകള്‍, കഥകള്‍, നോവലുകള്‍, കാവ്യങ്ങള്‍ തുടങ്ങി പലതും. രാമായണ കഥ ഉള്‍ക്കൊണ്ട ആദ്യസാഹിത്യ രചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണ മറാത്തിയില്‍ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു. ഭട്ടീകാവ്യം, ജാനകീഹരണം, പ്രതിമാനാടകം, അഭിഷേക നാടകം, ഉദാത്തരാഘവം, ഹനുമന്നാടകം എന്നീ നിരവധി സാഹിത്യകൃതികള്‍ രാമായണത്തെ അടിസ്ഥാനമാക്കി ജന്മമെടുത്തു. മലയാളത്തിലും രാമായണവുമായി ബന്ധപ്പെടുത്തി സാഹിത്യരചനകള്‍ ഉണ്ടായി. സി.എന്‍.ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. കഥകളിയില്‍ രാമായണത്തെ അടിസ്ഥാനമാക്കി നിരവഥി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി നിരവധി കാവ്യങ്ങള്‍ മലയാളത്തിലുമുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളില്‍ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്. ഭക്തഹനുമാന്‍, ഉത്തമശ്രീരാമചന്ദ്രന്‍ തുടങ്ങിയ വാണിജ്യ സിനിമകളും രാമായണത്തില്‍ നിന്നെടുത്തവയാണ്. ഒരു ജനതയുടെ സംസ്‌കാരത്തെയും ജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലില്‍ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തില്‍. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുകമാത്രമല്ല ഈ ഇതിഹാസത്തില്‍, മറ്റുള്ളവര്‍ക്ക് വഴികാട്ടുകയും ചെയ്യുന്നു.