ആത്മാര്‍ത്ഥതയോ അറംപറ്റാം

Saturday 15 July 2017 6:18 pm IST

അറം പറ്റാന്‍ അത്ര സമയമൊന്നും വേണ്ട. ചിലപ്പോള്‍ നിമിഷങ്ങള്‍, മറ്റുചിലപ്പോള്‍ മാസങ്ങള്‍, വര്‍ഷങ്ങള്‍..... അങ്ങനെപോകും. എന്തായാലും അറംപറ്റണമെങ്കില്‍ പറ്റിയിരിക്കും. മാപ്പിള ലഹളയുടെ ക്രൂരതയും വേദനയും യഥാതഥമായി കവിതയില്‍ ആവിഷ്‌കരിച്ചതിന് ചിലര്‍ ഇപ്പോഴും മടവാള്‍ വീശുന്ന മഹാകവിക്കും അറംപറ്റിയില്ലേ? 'അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു' എന്ന വരികള്‍ പല്ലനയാറ്റില്‍ മുങ്ങിത്താഴുമ്പോള്‍ മഹാകവി ഓര്‍ത്തിരിക്കുമോ? എന്താണിങ്ങനെ അറംപറ്റാന്‍ കാരണം. ആത്മാര്‍ത്ഥത കൂടിയതുകൊണ്ടാണെന്ന് ചിലര്‍ പറയുന്നു. കവികളെ പൊതുവെ ഋഷികള്‍ എന്നാണല്ലോ പറയാറ്. പലതും മുന്‍കൂട്ടി കാണാനുള്ള കഴിവ് അവര്‍ക്കുള്ളതുകൊണ്ടാണത്രെ അങ്ങനെയൊരു വിശേഷണം അവര്‍ക്കുമേല്‍ വീണത്. എന്തായാലും ആത്മാര്‍ത്ഥതയെക്കുറിച്ച്, അല്ല അറംപറ്റലിനെക്കുറിച്ചല്ലോ നാം പറഞ്ഞുവരുന്നത്. പത്രക്കാരനായാലും പാടത്തെ പണിക്കാരനായാലും ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ അറംപറ്റും എന്നതില്‍ തര്‍ക്കമില്ലത്രേ. അതെന്താ അങ്ങനെയെന്നാണോ? തന്റെ കര്‍മഭൂമിയില്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ പണി നന്നായി ചെയ്യുന്നതാണ് ആത്മാര്‍ഥത. അത്തരം ആത്മാര്‍ഥത വേണ്ടെന്ന് പലരും കരുതുന്നത് ഒടുവില്‍ അറംപറ്റേണ്ടെന്ന് കരുതിയാവും. ഏറെ ആസ്വാദകരെ അന്നും ഇന്നും വിസ്മയിപ്പിക്കുന്ന ഒരു മലയാള ചലച്ചിത്രത്തില്‍ അതിമനോഹരമായ ഗാനം രചിച്ച വ്യക്തിക്ക് പിന്നെ അത്ര സമ്പുഷ്ട സുന്ദരമായ വരികള്‍ എഴുതാന്‍ കഴിഞ്ഞില്ലത്രെ. ആലപ്പുഴയുടെ നൈസര്‍ഗിക സുന്ദര ഭാവങ്ങള്‍ ഇഴുകിച്ചേര്‍ന്ന ആ വരികള്‍ ഇന്നും പലരുടെ ചുണ്ടിലും തത്തിക്കളിക്കുന്നുണ്ടാവും. പറഞ്ഞുവരുമ്പോള്‍, ഈയൊരു അറംപറ്റലാണ് ജനപ്രിയ നായകനും പറ്റിയിരിക്കുന്നത്. ഏതു കാര്യവും ഏറ്റെടുക്കാനുള്ള ചങ്കുറപ്പ്, അത് അങ്ങേയറ്റം വിജയിപ്പിക്കാനുള്ള ശേമുഷി, ആളുകളെ ഒപ്പംകൂട്ടി മുന്നോട്ടുകൊണ്ടുപോവാനുള്ള നേതൃശേഷി ഇത്യാദിയൊക്കെ നടനില്‍ വിളങ്ങി നിന്നു. (ഇതിന് മറ്റുചില വിശേഷണങ്ങള്‍ ചിലര്‍ കൊടുക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല.) മേഖല ചലച്ചിത്രമായതുകൊണ്ട് എല്ലാ തരത്തിലുള്ള കളികളും അവിടെയുണ്ടാവും. അതൊക്കെ വേണ്ടതരത്തില്‍ പ്രയോജനപ്പെടുത്തിയും തകര്‍ത്തെറിഞ്ഞും അദ്ദേഹം മുന്നേറി. അതുമൊരു കഴിവാണല്ലോ. അതിന്റെ പിന്നില്‍ എത്രയെത്ര ചോരച്ചാലുകള്‍, കണ്ണീര്‍പ്പുഴകള്‍ എന്നതൊന്നും നടനെ സംബന്ധിച്ച് പ്രശ്‌നമല്ല. എന്നാല്‍ നടന്‍ ഉള്‍പ്പെട്ട സംഘടനയ്ക്ക് പ്രശ്‌നമാണ്. ഒരു ലക്ഷം രൂപയിലധികം ഫീസ് വാങ്ങി അംഗത്വം നല്‍കുന്നതോടെ എല്ലാം കഴിഞ്ഞു എന്ന നിലയില്‍ സ്ഥിതിഗതികളെ തഴുകിത്തലോടിയവര്‍ക്ക് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണോ? കേസ് കൈവിട്ടുപോവുമെന്ന് തോന്നിയപ്പോള്‍ ഇരിപ്പിടത്തിലെ പൊടി തട്ടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന നിലയില്‍ കാണാമറയത്തേക്ക് പോവുന്നവരല്ലേ അറസ്റ്റിലായ നടനേക്കാള്‍ മ്ലേച്ഛന്മാര്‍? അഹമഹമികയാ അവരൊക്കെ വീണ നടനെ വളഞ്ഞിട്ട് തല്ലുകയല്ലേ? തന്റെ അടിയാണ് ശക്തമെന്ന് കാണിക്കാന്‍ ചാനലുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ തുള്ളക്കളി നടത്തുന്നവരുടെ രീതി കാണുമ്പോള്‍ കാര്‍ക്കിച്ചുതുപ്പാന്‍ തോന്നുന്നു. ഇതിലും എത്രയോ ഭേദം വീണ നടന്‍. ആ നടന്റെ ആത്മാര്‍ഥതയെക്കുറിച്ച് നാം നേരത്തെ പറഞ്ഞുവല്ലോ. അതാണോ ഇപ്പോള്‍ ഇരുമ്പഴിക്കുള്ളിലാവാന്‍ കാരണം. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചലച്ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്നഭിനയിച്ചതിന്റെ ബാക്കി പത്രമാണോ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍? കവികള്‍ക്ക് മാത്രമല്ല അറംപറ്റല്‍ എന്ന് ഇപ്പോള്‍ ഒരുവിധപ്പെട്ടവര്‍ക്കൊക്കെ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. സംഘടനയില്‍ അനിഷേധ്യ നേതൃസ്ഥാനമുണ്ടായിരുന്ന നടന്റെ അസ്വാഭാവിക രീതികള്‍ കണ്ടും അറിഞ്ഞും അനുഭവിച്ചും ഒത്താശ ചെയ്തവര്‍ ഇപ്പോള്‍ വളഞ്ഞിട്ടടിക്കാന്‍ മുണ്ട് മടക്കിക്കുത്തി തിക്കിത്തിരക്കി വരുമ്പോള്‍ വീണ നടന് സഹതാപം കിട്ടുക സ്വാഭാവികം. ചെല്ലും ചെലവും കൊടുത്ത് ഗുണ്ടകളെ നിര്‍ത്തുന്നവരും നിര്‍ത്താനിരിക്കുന്നവരും ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഒരാള്‍ തന്നെയാണ്. അയാളെ ദൈവം, വിധി, കുടുംബമഹിമ, നടപ്പുനീതി തുടങ്ങി എന്തും വിളിക്കാം. അങ്ങനെ വിളിക്കുമ്പോള്‍ തിലകന്‍, സുകുമാരന്‍ തുടങ്ങി ഒട്ടേറെ കലാപ്രതിഭകളെ ഓര്‍ക്കുകയും വേണം. വീണ നടന്റെ വക്കീല്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. (ഇവിടെ നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവും. ഈ നടനെന്താ പേരില്ലേയെന്ന്. ഉണ്ടല്ലോ. അങ്ങനെയെങ്കില്‍ മറ്റൊരാളുടെ പേരും പറയണ്ടേ? ഒന്ന് വേണ്ടെങ്കില്‍ മറ്റതും വേണ്ട എന്ന സ്വന്തം ലോജിക്ക് ആണെന്ന് കരുതിക്കോളു) തെളിയിക്കാന്‍ ആവശ്യമായ ഒന്നുമില്ല. പൊലീസ് കെട്ടിച്ചമച്ച കഥകളാണ്. 2013 ല്‍ ഗൂഢാലോചന നടന്നുവെന്നുപറയുന്നു. ഇതിലൊന്നും വസ്തുതയില്ല. ഇതിനോട് ചേര്‍ക്കാന്‍ പറ്റിയ ചില വരികള്‍ അപമാനിതയായ നടിയും പറയുന്നുണ്ട്. വ്യക്തിവൈരാഗ്യമില്ല. വസ്തു ഇടപാടുകള്‍ ഒന്നുമില്ല. കള്ളക്കേസെങ്കില്‍ അതും പുറത്തുവരണം.... അങ്ങനെയങ്ങനെ പലതും. എന്തോ ഒരു വശപ്പിശക് ഇതിനുള്ളിലില്ലേ എന്ന് കാലികവട്ടം ന്യായമായും സംശയിക്കുന്നു. സംശയാത്മാ വിനശ്യതി എന്നോ മറ്റോ അല്ലേ ഒരു പ്രമാണം? ഏതായാലും ഒരു നടനില്‍ എല്ലാം വെച്ചുകെട്ടി തീ കൊടുത്തശേഷം ഞങ്ങള്‍ അഗ്നിശുദ്ധര്‍ എന്ന് പറഞ്ഞ് വന്നേക്കല്ലേ എന്നൊരു എളിയ അപേക്ഷ വെള്ളിത്തിരയിലെ മൊയലാളിമാരുടെ മുന്നില്‍ വെച്ച് പിന്‍വാങ്ങുന്നു, ശുഭം. ***** ***** ***** കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നത്രേ ആപ്തവാക്യം. അതൊന്ന് ന്യൂജന്‍ രീതിയിലാക്കിയാല്‍ സര്‍വീസിലുള്ളപ്പോള്‍ നടത്തിയ പാപം കേസെടുത്താല്‍ തീരും എന്നാവും. പിണറായി സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച മുന്‍ ഡിജിപി സെന്‍കുമാറിന് എട്ടിന്റെ പണി കൊടുക്കാനാണിപ്പോള്‍ നോക്കുന്നത്. സര്‍വീസിലുള്ളപ്പോള്‍ തന്നെ പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയനായ അദ്ദേഹത്തെ ഇഞ്ചപ്പരുവമാക്കാനാണ് പദ്ധതി. അദ്ദേഹം ചെയ്ത തെറ്റ് സത്യം പറഞ്ഞുപോയി എന്നതാണ്. ക്രൈം ബ്രാഞ്ചാണ് സെന്‍കുമാറിനെതിരെയുള്ള പരാതി അന്വേഷിക്കുന്നത്. എഡിജിപി നിതിന്‍ അഗര്‍വാളിനാണ് ചുമതല. മാനവികത, മനുഷ്യത്വം, സ്‌നേഹം, ഭൂതദയ, കാരുണ്യം, കരുതല്‍, കൈത്താങ്ങ് തുടങ്ങിയ സകല ചേരുവകളും അടങ്ങിയ സര്‍ക്കാറാണല്ലോ ഭരിക്കുന്നത്. ഈ പറഞ്ഞതൊക്കെ എങ്ങനെയാണെന്നതിന്റെ ചെറിയ ഉദാഹരണമാണ് സെന്‍കുമാറിനെതിരെയുള്ള നടപടി. ശേഷിച്ചത് പിന്നാലെ. സര്‍ക്കാറല്ലേ കൂടെയുള്ളത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.