പള്ളിയില്‍ മോഷണം; പണം കവര്‍ന്നു

Saturday 15 July 2017 9:19 pm IST

മറയൂര്‍: കാന്തല്ലൂര്‍ പയസ് നഗര്‍ പള്ളിയില്‍ മോഷണം. വികാരി അച്ചന്റെ മുറിയില്‍ നടന്ന മോഷണത്തില്‍ 90,000 രൂപയും സിസിടിവി കാമറയുടെ 20,000 രൂപ വിലയുള്ള കണ്‍ട്രോള്‍ സിസ്റ്റവും കവര്‍ന്നു. സെന്റ് പയസ് പള്ളിയിലാണ് മോഷണം. ഇവിടുത്തെ വികാരിയായ ഫാ. സേവ്യര്‍ കുറച്ച് ദിവസമായി സ്ഥലത്തില്ലായിരുന്നു. 7ന് നാട്ടില്‍ പോയ അദ്ദേഹം 14 ന് രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകായായിരുന്നു. പോലീസെത്തി സ്ഥലം പരിശോധിച്ച് കേസെടുത്തു. മുറിയില്‍ കൊതുക് കയറാതിരിക്കാനായി വെന്റിലേഷനില്‍ വലകെട്ടിയിരുന്നു, ഇത് മുറിച്ച് മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നിരിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും ഇന്ന് സ്ഥലത്ത് പരിശോധനയ്‌ക്കെത്തും. അതേ സമയം മോഷണം നടന്ന ദിവസത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത് കൊണ്ടാകാം കണ്‍ട്രോള്‍ സിസ്റ്റം കവര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.