നാണ്യവിളകള്‍ക്ക് വിലയില്ല; കര്‍ഷകര്‍ ആശങ്കയില്‍

Saturday 15 July 2017 9:20 pm IST

  കട്ടപ്പന: നാണ്യവിളകളുടെ വിലത്തകര്‍ച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഗ്രാമീണ മേഖലയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. കാര്‍ഷിക വിളകളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഹൈറേഞ്ചിലെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ നിലനില്പ്പ് ആശങ്കയിലായി. ഹൈറേഞ്ചിലെ പ്രധാന നാണ്യവിളകളായ ഏലം, കുരുമുളക്, കാപ്പി, റബ്ബര്‍, കൊക്കോ, ഗ്രാമ്പു, ജാതി എന്നിവയുടെ വിലത്തകര്‍ച്ച തുടരുകയാണ്. കാലാവസ്ഥാമാറ്റം മൂലം ഉല്പാദനത്തില്‍ വന്‍ കുറവു നേരിടുമ്പോഴും വിലത്തകര്‍ച്ച കുടുംബ ബജറ്റുകള്‍ താളം തെറ്റിച്ചു. എഴുന്നൂറു രൂപയോടടുത്തു വിലയുണ്ടായിരുന്ന കരുമുളകിന്റെ വില നാനൂറ്റിയെണ്‍പതായി കുറഞ്ഞു. ആയിരത്തിയഞ്ഞൂറ് രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില എണ്ണൂറെത്തി നില്‍ക്കുയാണിപ്പോള്‍. നൂറ്റിനാല്പതു രൂപ വിലയുണ്ടായിരുന്ന റബ്ബറിന്റെ വില നൂറ്റിയഞ്ചായി താഴ്ന്നു. ജാതിക്കായുടെ വില 280 ല്‍ നിന്ന് 200ലേക്കും ജാതിപത്രിയുടെ വില 1100 ല്‍ നിന്നും 500ലേക്കും കൂപ്പുകുത്തി. ഹൈറേഞ്ചിലെ ജനങ്ങളുടെ നിത്യ വരുമാന മാര്‍ഗ്ഗമായിരുന്ന കൊക്കോയുടെ വില 63 രൂപയില്‍ നിന്നും നേര്‍പ്പകുതിയായി കുറഞ്ഞു. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയുമാണ്. കാപ്പി, കൊക്കോ കൃഷികള്‍ക്ക് ഇടയ്‌ക്കെത്തിയ വേനല്‍ മഴ തിരിച്ചടിയായപ്പോള്‍ മഴക്കാലം കുറഞ്ഞത് മറ്റ് കൃഷികളെയും സാരമായി ബാധിച്ചു. അരി വില 49 എത്തി നില്‍ക്കുമ്പോള്‍ പയര്‍-60 , തക്കാളി-70, ബീറ്റ്‌റൂട്ട്-40, കോവയ്ക്ക-30 എന്നിങ്ങനെയാണ് വില നിലവാരം. കാര്‍ഷിക വായ്പകളെടുത്ത് പ്രതീക്ഷയോടെ നാണ്യവിള കൃഷികള്‍ വിപുലമാക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഏലം, കുരുമുളക് എന്നീ വിളകള്‍ക്കുണ്ടായ വിലത്തകര്‍ച്ച തൊഴിലാളികളെയും ബാധിച്ചു. കൃഷി ലാഭകരമല്ലാതായതിനാല്‍ വിളകളുടെ പരിപാലനച്ചെലവ് കുറയ്ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായതോടെ തൊഴിലാളികള്‍ക്കും ജോലിയില്ലാതായും ആയി. മഴ കുറഞ്ഞത് നെല്ല്, വാഴ, കപ്പ തുടങ്ങിയ കൃഷികളെയും സാരമായി ബാധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.